ലണ്ടൻ: സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നു. സ്കൂൾ കൂട്ടികളിൽ വ്യാപകമായി പുതിയതായി രോഗം പടരുന്നതാണ് ആശങ്ക പരത്തുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ബ്രിട്ടനിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിനേഷന് വ്യാപകമാക്കുകയും ചെയ്തതിനെ തുടർന്ന് ഒരു മാസം മുന്‍പാണ് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പിന്നീട് സെപ്തംബര്‍ 25ന് അവസാനിച്ച ആഴ്ചയിലാണ് കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയത്.
രാജ്യത്ത് 12-15 വയസ് പ്രായമുള്ള കുട്ടികൾക്ക് ഒരാഴ്ച മുൻപാണ് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.
കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ പകർച്ച വ്യാധി വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കേസുകളിലെ വർധനവ് ഇതേ നിലയ്ക്ക് തുടരുമോ എന്ന് നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധർ വ്യക്തമാക്കി.
സെക്കൻഡറി സ്കൂൾ കുട്ടികളിൽ നിലവിൽ 4.58 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. അതായത് പരിശോധനയ്ക്ക് വിധേയരാവുന്ന 25ൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്നു. തൊട്ടു മുൻപുള്ള ആഴ്ച 2.81 ശതമാനമായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. ഇംഗ്ലണ്ടിൽ 85ൽ ഒന്ന് എന്ന നിരക്കിലാണ് ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നത്. തൊട്ടുമുൻപുള്ള ആഴ്ച ഇത് 90ൽ ഒന്ന് എന്ന നിരക്കിലായിരുന്നു.