കൊച്ചി: ഡാറ്റ സെന്റര്‍ ബിസിനസിനായി ഭാരതി എയര്‍ടെല്‍ () പുതിയ ‘നെക്സ്ട്ര ബൈ എയര്‍ടെല്‍’ എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചു. രാജ്യത്തെ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ കാണുന്നതിനായി ഡാറ്റ സെന്റര്‍ നെറ്റ്വര്‍ക്ക് വിപുലമാക്കുന്നതിന് നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നെറ്റ്വര്‍ക്കാണ് നെക്സ്ട്ര ബൈ എയര്‍ടെലിന്റേത്. നിലവില്‍ ഇന്ത്യയിലുടനീളമായി 10 വലുതും 120 എഡ്ജ് ഡാറ്റ സെന്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എയര്‍ടെലിന്റെ ആഗോള നെറ്റ്വര്‍ക്കുമായി ചേര്‍ന്ന് വന്‍കിട കമ്പ്യൂട്ടിങ് സെന്ററുകള്‍, വലിയ സംരംഭകര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, എസ്എംഇകള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്കു സുരക്ഷിതവും വിപുലവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
5ജി അടുത്തു നില്ക്കുന്നതും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സമ്പദ്രംഗവും ക്ലൗഡിലേക്കുള്ള സംരംഭങ്ങളുടെ മാറ്റവും ഡാറ്റ സ്റ്റോറേജ് ചട്ടങ്ങളും ഇന്ത്യയില്‍ വിശ്വസനീയമായ ഡാറ്റ സെന്ററുകളുടെ ആവശ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഡാറ്റ സെന്റര്‍ വ്യവസായം 2023ഓടെ നിലവിലെ ശേഷിയില്‍ നിന്നും ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റിയായ 450 മെഗാവാട്ട് ഏകദേശം 1074 മെഗാവാട്ടായി ഉയരും.
ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നെറ്റ്വര്‍ക്ക് എയര്‍ടെല്‍ നിര്‍മിച്ചുവെന്നും 5ജിയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും കേന്ദ്രമായ നെറ്റ്വര്‍ക്ക് ഇരട്ടിയാക്കുകയാണെന്നും സുരക്ഷിതമായ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തന പരിചയം, സംരംഭക വിഭാഗത്തില്‍ ആഴത്തിലുള്ള ബ്രാന്‍ഡ് വിശ്വാസം, ഡിജിറ്റല്‍ പരിവര്‍ത്തന പരിഹാരങ്ങള്‍ നല്‍കാനുള്ള കഴിവ് എന്നിവ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ന്നുവരുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിന് തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഈ കാഴ്ചപ്പാടും അഭിലാഷവും ഉള്‍ക്കൊള്ളുന്നുവെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു.