ന്യുഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ബന്ധിത ക്വാറന്റീന് എര്‍പ്പെടുത്തിയ യുകെയുടെ നടപടിയക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ. വാക്സിന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്ക്കും 10 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചു.
വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റീന് മാനദണ്ഡം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും തീരുമാനം മാറ്റാന്‍ യുകെ ഭരണകൂടം തയാറായിരുന്നില്ല. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ തീരുമാനം.
തിങ്കളാഴ്ച മുതൽ പുതിയ ചട്ടം നടപ്പാവും. ബ്രിട്ടനിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് കോവിഡ് പരിശോധന നടത്തണം. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ആർടിപിസിആർ പരിശോധന നടത്തണം എന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കൊവിഷീൽഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ വാക്സീൻ സർട്ടിഫിക്കറ്റ് വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടൻ ക്വാറന്റീനുള്ള തീരുമാനം തുടരുന്നത്.
ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതാണ്. എന്നാൽ യുകെയിലെ പുതിയ ചട്ടപ്രകാരം രണ്ട് ഡോസ് കൊവിഷീൽഡ് വാക്സീൻ എടുത്താലും യുകെയിൽ 10 ദിവസത്തെ ക്വാറന്റീന് നിർബന്ധമാണ്.