തമിഴിലെ പ്രശസ്ത നടന് ശിവാജി ഗണേശന്റെ 93 -ാം ജന്മവാര്ഷികത്തില് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ ഇന്ത്യയും ബെംഗളൂരുവില്‍ നിന്നുള്ള കലാകാരന് നൂപുര്‍ രാജേഷ് ചോക്സിയും ചേര്‍ന്നാണ് ഡൂഡില്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
‘തമിഴ്നാട്ടിലെ വില്ലുപുരത്ത് ജനിച്ച ഗണേശന് ഇന്ത്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരില് ഒരാളെന്നുമാണ്’ ഗൂഗിള്‍ വിശേഷിപ്പിച്ചത്.
1928 ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യന്‍ സിനിമയുടെ മാര്‍ലോണ്‍ ബ്രാന്‍ഡോ എന്നും നടികര്‍ തിലകം എന്നും അറിയപ്പെടുന്ന ശിവാജി ഗണേശന് ജനിച്ചത്. വി. ചിന്നയ്യ മണ്റയാര് ഗണേശമൂര്‍ത്തി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം.’ശിവാജി കണ്ട ഹിന്ദുരാജ്യം’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനുശേഷമാണ് ഗണേശന് ‘ശിവാജി’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
1952ല്‍ പുറത്തിറങ്ങിയ പരാശക്തിയിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട തന്റെ കരിയറില്‍ 300 ല്‍ അധികം സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ഗണേശന് അഭിനയിച്ചു.
പാസമലര്‍ (1961), നവരാത്രി (1964) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റ് സിനിമകളില്‍ ഉള്‍പ്പെടുന്നു. 1960 -ല്‍ വീരപാണ്ഡ്യ കട്ടബൊമ്മന് എന്ന ചരിത്ര യുദ്ധ ചിത്രത്തിലെ കഥാപാത്രത്തിന് ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നടന് ആയി ഗണേശന് മാറി.
1995ല്‍ ഫ്രാന്‍സ് അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന അലങ്കാരമായ ഷെവലിയര്‍ ഓഫ് ദി നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദി ലീജിയന് ഓഫ് ഹോണര്‍ നല്കി ആദരിച്ചു. 1997ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിച്ചു.1999ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പൂപ്പറിക വരുഗിറോം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2001 ജൂലൈ 21നായിരുന്നു അന്ത്യം.