കൊച്ചി: മോന്സന് മാവുങ്കലിനെ(Monson Mavunkal) പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലെന്ന് നടന് ശ്രീനിവാസന്. മോന്സന് മാവുങ്കലിനൊപ്പമുള്ള ഫോട്ടോ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ(Sreenivasan) പ്രതികരണം.
പുരാവസ്തു ശേഖരം ഉണ്ട് എന്ന് അറിഞ്ഞാണ് പോയത്. അവിടെ വച്ച് പുരാവസ്തുവിനെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ് സംസാരിച്ചത്. അന്ന് തനിക്ക് സുഖമില്ലാത്ത സമയമായിരുന്നു. രോഗിയായ ഞാന്‍ ഡോക്ടറെ കാണുന്നത് തെറ്റില്ലല്ലോ. അന്ന് വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസന് ചികിൽസ ഏർപ്പാടാക്കി.
പത്തു, പതിനഞ്ച് ദിവസം അവിടെ ചികിത്സയ്ക്കായി തങ്ങി. അവിടത്തെ ചികിത്സയ്ക്കുള്ള പണം നല്‍കിയത് മോന്‍സനാണ്. പണം അടയ്ക്കാന്‍ ചെന്നപ്പോഴാണ് മോന്സന് പണം അടച്ച കാര്യം അറിയുന്നത്.മോന്സന് തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്നും പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന് പറഞ്ഞു.