തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കൽ ഫോണിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്. ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ടാണ് മോൻസന്റെ ഫോൺ വിളി. 4 കോടി രൂപ ഹൈദരാബാദിൽ എത്തിക്കാൻ സഹായിക്കണമെന്നാണ് മോൻസൻ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്നും മോൻസൻ ആവശ്യപ്പെടുന്നുണ്ട്.
ചിലർക്ക് സംശയമുണ്ടെന്നും സംശയമുള്ളവരെ സീക്ഷിക്കണമെന്നും ഫോണിൽ മറുവശത്തുള്ളയാൾ മോൻസനോട് പറയുന്നുണ്ട്. കാര്യങ്ങൾ പൊലീസ് മേധാവിയോട് നേരിട്ട് സംസാരിക്കണമെന്നും മോൻസൻ പറയുന്നുണ്ട്.
അതേസമയം, മോന്സണ് മാവുങ്കലിന്റെ ഇന്നത്തെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മോന്സണ് മാവുങ്കലിനൊപ്പം പുരാവസ്തു വില്പനക്കാരന് സന്തോഷിനേയും ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്. പൊലീസ് ചോദ്യം ചെയ്യലില്‍ തനിക്ക് പണം നല്‍കാനുണ്ടെന്ന് മോന്സണ് സമ്മതിച്ചതായി സന്തോഷ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്സണ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സന്തോഷ് അറിയിച്ചു. പുരാവസ്തുക്കള്‍ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആളാണ് സന്തോഷ്. ഇദ്ദേഹം നല്കിയ വസ്തക്കളാണ് മോശയുടെ വടിയെന്നും ശ്രീകൃഷ്ണന്റെ വെണ്ണ ഉറി എന്നുമെല്ലാം പറഞ്ഞ് മോന്സണ് പരിചയപ്പെടുത്തിയത്.
അതിനിടെ മോന്സണ് മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മോന്സണ് പുരാവസ്തു വില്പന നടത്തി കബളിപ്പിച്ചതായി പരാതിയില്ല. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോന്സണ് സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.