ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നട്വര് സിങ് (Natwar Singh). പാര്‍ട്ടിയില്‍ മാറ്റം സംഭവിക്കാന്‍ മൂന്ന് ഗാന്ധിമാര്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സോണിയ ഗാന്ധി(Soniya Gandhi), രാഹുല്‍ ഗാന്ധി(Rahul Gandhi), പ്രിയങ്ക ഗാന്ധി (Priyanka Gandhi) എന്നിവരെ ലക്ഷ്യംവെച്ചുകൊണ്ട് നട്വര് സിങ് പറഞ്ഞു.
കോണ്‍ഗ്രസിലെ നിലവിലെ സാഹചര്യം ഒട്ടും അഭികാമ്യമല്ല. അതിന് മൂന്ന് വ്യക്തികളാണ് ഉത്തരവാദികള്‍. പാര്‍ട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന രാഹുല്‍ ഗാന്ധിയാണ് അതിലൊരാളെന്നും നട്വര് സിങ് പറഞ്ഞു.
സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു നട്വര് സിങ് കോണ്‍ഗ്രസ് വിട്ടത്. നട്വര് സിങ്ങിന്റെ ഭാര്യാസഹോദരന്‍ കൂടിയായ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതില്‍ കടുത്ത അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ആത്മാഭിമാനമുള്ള ഏതൊരു വ്യക്തിയും അത്തരമൊരു സാഹചര്യത്തില്‍ രാജിവെക്കുമെന്നും നട്വര് സിങ് പറഞ്ഞു.
പരിതാപകരമായ അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. അമരീന്ദര്‍ പാര്‍ട്ടി വിടുമോ എന്നുള്ള കാര്യം തനിക്ക് അറിയില്ല. അമരീന്ദര്‍ സിങ് പാര്‍ട്ടിയില്‍ ചേരുന്ന സമയത്തെ കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്. ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസെന്നും എന്നാല്‍ നിലവിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണെന്നും നട്വര് സിങ് പറഞ്ഞു.