കണ്ണൂര്‍: വ്യാജ പ്ലസ് ടു, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി വിദ്യാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കണ്ണൂരിലെ സ്ഥാപന മേധാവിയെ പിടികൂടി. കണ്ണൂര്‍ യോഗശാല റോഡില്‍ ഐ.എഫ്.ഡി ഫാഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തിൻ്റെ പേരില്‍ പരസ്യം നല്കി വിദ്യാര്‍ഥികളെ തട്ടിപ്പിനിരയാക്കിയ കയരളം മൊട്ടയിലെ കെ.വി. ശ്രീകുമാറിനെയാണ് (46) പൊലീസ് അറസ്റ്റുചെയ്തത്.
നടുവിൽ സർവീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരൻ കുടുങ്ങിയത്. അസി. കമ്മീഷണർ പി പി സദാനന്ദന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ ടൗൺ സി ഐ ശ്രീജിത്ത് കൊടേരിയാണ് പ്രതിയെ പിടികൂടിയത്.
അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ. ഷൈനി, പി.പി. ഷാഷിദ എന്നിവരും സ്ഥാപനം വഴി മധുര കാമരാജ് യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്രതിക്ക്, പ്ലസ് ടുവിന് 2015 കാലയളവിലും പിന്നീട് ഡിഗ്രിക്ക് 2015-18 കാലയളവിലുമായി 2,27,100 രൂപ പഠനത്തിന് ഫീസിനത്തിലും സര്‍ട്ടിഫിക്കറ്റിനുമായി നല്‍കിയിരുന്നതായും പണം കൈപ്പറ്റിയ ശേഷം സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അസ്സൽ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ് പരാതി. ഇത്തരത്തില്‍ നിരവധി പേരെ പ്രതി കബളിപ്പിച്ചതായി വിവരമുണ്ട്.