ക്യൂനെറ്റ് (Qnet) തട്ടിപ്പിന്റെ കേന്ദ്രങ്ങളായി പ്രവർത്തിച്ചത് കേരളത്തിലെയും ഗൾഫിലെയും മലയാളികൾ മാത്രമല്ല. ഈ സംഘത്തിന്റെ വേരുകൾ രാജ്യതലസ്ഥാനത്തും ഏറെ ആഴത്തിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതുതായി വരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം ഇതിന് പിന്നിൽ നിരവധി ദന്ത ഡോക്ടർമാർ പ്രവർത്തിച്ചിരുന്നതായി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും ആരോഗ്യപ്രവർത്തകർക്കിടയിൽ ഈ തട്ടിപ്പ് വ്യാപകമായതിനെ കുറിച്ചുള്ള വിവരവും പുറത്തുവരുന്നത്.
മുന്പെങ്ങുമില്ലാത്ത വിധം ലോകം ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് എത്തിയ കാലമാണ് ഈ കോവിഡ് കാലം. ഈ ദുരിതകാലത്ത് സേവനം കൊണ്ട് ഏറെ കയ്യടി നേടിയവരാണ് നമ്മുടെ ഡോക്ടമാരും നഴ്‌സുമാരും. കേരളത്തിൽ ദന്ത ഡോക്ടർമാരിൽ ചിലർ കബളിപ്പിച്ചപ്പോൾ കുടുങ്ങിയത് ആരോഗ്യമേഖലയിൽ തന്നെയുള്ള നിരവധിപേരാണ്. ഡൽഹിയിലും സ്ഥിതി മറ്റൊന്നല്ല.
ലഭ്യമായ വിവര പ്രകാരം കോവിഡിന് മുൻപുതന്നെ രാജ്യതലസ്ഥാനത്ത് ക്യൂനെറ്റ് വ്യാപകമാണ്. ഡൽഹിയിൽ ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്ന മേഖലയായ നഴ്‌സിംഗ് (Nursing) രംഗത്താണ് ഈ തട്ടിപ്പ് കൂടുതൽ നടന്നതായി വിവരമുള്ളത്. ആയിരത്തിൽ കൂടുതൽ നഴ്‌സുമാർക്ക് ഈ കെണിയിൽ പെട്ട് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. ഒരു സമ്പാദ്യമായി പണം നിക്ഷേപിച്ചവരാണ് കൂടുതലും.
എഡ്യൂക്കേഷണൽ ലോൺ (Educational Loan) ഉൾപ്പെടെ പ്രാരാബ്ധങ്ങളുമായി ട്രെയിൻ കയറിയവരെയാണ് തട്ടിപ്പ് സംഘം പതിവ് മോഹന വാഗ്ദാനങ്ങളിൽ കുടുക്കിയത്. കടങ്ങൾ തീർക്കുകയും തലസ്ഥാനത്ത് അന്തസായി ജീവിക്കാമെന്നും സ്വപ്നം കണ്ട പലരും ഇപ്പോൾ പുതിയ ബാധ്യത കൂടി തീർക്കാനുള്ള ഓട്ടത്തിലാണെന്ന് ഡൽഹി മലയാളി കൂടിയായ ഒരു വ്യക്തി വെളിപ്പെടുത്തുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് അദ്ദേഹം സ്വയം സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തമായി സമ്പാദ്യമില്ലാതിരുന്ന, കയ്യിൽ പണമില്ലാതിരുന്ന പല നഴ്‌സുമാരും പേഴ്സണൽ ലോൺ (Personal Loan) ഉൾപ്പെടെ എടുത്താണ് ക്യൂനെറ്റിൽ പണമിറക്കിയത്. നഴ്‌സുമാർക്ക് ലോൺ എടുത്ത് കൊടുക്കുന്നതിന് വേണ്ടി പോലും ഇവർക്കിടയിൽ ഏജന്റുമാർ പ്രവർത്തിച്ചിരുന്നു. സാലറി അക്കൗണ്ടും മോശമല്ലാത്ത ബാങ്ക് സ്റ്റേറ്റ്മെന്റും ഉള്ളതിനാൽ പേഴ്സണൽ ലോൺ കിട്ടാൻ എളുപ്പമായിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവർക്ക് പണവും നഷ്ടമായി ബാങ്ക് ലോൺ ബാധ്യതയുമായ അവസ്ഥയാണ്.