മനാമ: രാജ്യത്തെ ഏറ്റവും വലിയ മനുഷ്യക്കടത്ത് കേസുകളിൽ ഒന്ന് കഴിഞ്ഞദിവസം പബ്ലിക് പ്രോസിക്യൂഷന്(Public prosecution ) മുന്നിലെത്തി. 19 പ്രതികളാണ് കേസിൽ ഉള്ളത്. എല്ലാവരെയും റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒന്നാം ഹൈ ക്രിമിനൽ കോടതിയിൽ(High criminal court) അടുത്തമാസം 12ന് കേസ് പരിഗണിക്കും. 11 ഇരകളിൽ നിന്ന് ഏഴ് പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചത്. നല്ല ജോലിയും വേതനവും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുജോലിക്കാരെ കൂട്ടിക്കൊണ്ടുപോവുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ആണ് പ്രതികൾ ചെയ്തിരുന്നത്. സ്ത്രീകളെ താമസസ്ഥലത്ത് ബന്ധികളാക്കി അനാശാസ്യത്തിന് പ്രേരിപ്പിച്ച് പ്രതികൾ പണം സമ്പാദിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസിൽ പ്രതിയായ ഒരു സ്ത്രീയെ പിടികൂടുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.