കൊച്ചി: തന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ മാത്രമെന്ന് മോൻസൻ മാവുങ്കലിന്റെ മൊഴി. സ്വന്തമായി ഒരു അക്കൗണ്ട് മാത്രമെ തനിക്ക് ഉള്ളൂവെന്നും മോൻസൻ പറഞ്ഞു. മകളുടെ കല്യാണവുമായി ബന്ധപ്പെട്ട ചെലവിന് മൂന്ന് ലക്ഷം രൂപ സുഹൃത്തായ ജോർജിൽ നിന്നും കടം വാങ്ങി. കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു.
പാസ്പോര്‍ട്ട് ഇല്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്സന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും മോന്സന് അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്സന് തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്.
കോടികളുടെ കണക്ക് പറഞ്ഞ് ആളുകളെ പറ്റിച്ച മോന്‍സണിന്റെ അക്കൗണ്ട് വിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.
ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസത്തോളമായി മോന്‍സണെ പിന്തുടര്ന്നും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്സണ് എത്തിയതെന്നാണ് വിവരം. ഇയാള്‍ക്ക് കൂടുതല്‍ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.