കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റ് സുതാര്യം ആക്കുന്നതിനായി കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്(Sibi George ) പറഞ്ഞു. എംബസിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്മെന്റ് സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എംബസിയിൽ ബുധനാഴ്ച വൈകിട്ട് നടന്ന ഓപ്പൺ ഹൗസിൽ(Open house) സംസാരിക്കുകയായിരുന്നു അംബാസിഡർ(Ambassador ). റിക്രൂട്ട് ചെയ്യുന്ന സ്ഥാപനത്തെ പഠിച്ച ശേഷമേ എംബസി അനുമതി നൽകുകയുള്ളൂ. കുവൈറ്റ് സർക്കാർ ഏജൻസികളിൽ നിന്നും റിക്രൂട്ട്മെന്റിന് പണം വാങ്ങുന്നില്ല. സർക്കാർ നിശ്ചയിച്ച ഇതിനേക്കാൾ ഒരു രൂപ പോലും അധികം ഏജൻസികൾക്കോ മറ്റോ കൊടുക്കരുത്. അത്തരത്തിൽ ഏതെങ്കിലും സ്ഥാപനങ്ങൾ വാങ്ങുന്നതായി അറിഞ്ഞാൽ എംബസിയെ വിവരം അറിയിക്കണം ഇതിന് ഇടനിലക്കാരെ ആവശ്യമില്ല.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമമാണ് എംബസിയുടെ ഏറ്റവും പ്രധാന പരിഗണന. അവർക്ക് പ്രശ്നങ്ങൾ അറിയിക്കാനായി 12 വാട്സ്ആപ്പ് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. സംശയങ്ങൾ അകറ്റാനായി എംബസി ലേബർ വിങ് പുറത്തിറക്കിയ ചോദ്യോത്തര പുസ്തകവും ലേബർ ഹാൻഡ് ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു.