റ്റി.എം.അപ്പു നെടുങ്ങാടിയെ കുറിച്ച് എം.രാജീവ് കുമാർ എഴുതുന്ന പംക്തി
മലയാള സാഹിത്യത്തിലെ മാന്യനാണ് റ്റി.എം.അപ്പു നെടുങ്ങാടി.ചുമ്മാ ആപ്പ ഊപ്പ കുടുംബത്തിലൊന്നുമല്ല ജനനം. സാമൂതിരി ക്കോവിലകത്തെ മൂന്നാംകൂർ തമ്പുരാനായിരുന്ന മാനവിക്രമൻ തമ്പുരാന്റെ മകനായിപ്പിറക്കുക ഒരു ചെറിയ കാര്യമാണോ?
ആളൊരു പുലിയായിരുന്നു. ബി.എ. പാസ്സായശേഷംകോഴിക്കോട് അധ്യാപകനായി ജോലി തുടങ്ങിയെങ്കിലും മദിരാശിയിൽ ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായ ശേഷമാണ് വീര്യവാനായത്. അവിടിരുന്നു കൊണ്ട് നിയമവും പഠിച്ചു. 1906 ൽ നാല്പത്താറാം വയസ്സിൽ പബ്ലിക് പ്രോസിക്യൂട്ടറായി കോഴിക്കോട്ട് ഒരു വരവ് വന്നു. പിന്നീട് 8 കൊല്ലം ആ പദവിയിലിരുന്നു.
കവിതകളെഴുതി നേരം കളഞ്ഞില്ല.യൂറോപ്യൻമാരുടെ അധീനതയിലുള്ള ഇംപീരിയൽ ബാങ്കല്ലാതെ സാധാരണക്കാരന് പോയി കാശിടാനും എടുക്കാനുമുള്ള ബാങ്കൊന്നും ഇല്ലാതിരുന്ന കാലത്ത് മലബാറിൽ ഒരു ബാങ്കങ്ങ് തുടങ്ങാൻ ചങ്കൂറ്റം കാണിച്ച ആളാണ് അപ്പു നെടുങ്ങാടി.
നെടുങ്ങാടി ബാങ്ക് ! ഒരെഴത്തുകാരന് തുട്ടാണല്ലോ ഇല്ലാത്തത്. വായ്പ വാങ്ങി ജന്മം വരെ ജപ്തി ചെയ്യാൻ പതിച്ചു കൊടുക്കുന്ന എഴുത്തുകാരാണ് ഇപ്പോഴുള്ളത്.നെടുങ്ങാടി ,ബാങ്ക് തുടങ്ങുന്നത് 1899 ലാണ്! പിതാവിന്റെ മരണത്തെ തുടർന്ന് സാമ്പത്തിക വൈഷമ്യങ്ങൾ വന്നപ്പോഴാണ് ബാങ്കിനെ പറ്റി അദ്ദേഹം ആലോചിക്കുന്നത്.
ഇരുപതാം നൂറ്റാണ്ട് പിറന്നപ്പോഴേക്കും അത് ലിമിറ്റഡ് കമ്പനിയായി.
നോവലിൽ മാത്രമല്ല ഒന്നാമൻ. മാനേജ്മെന്റ് വൈദഗ്ധ്യത്തിലും ഒന്നാമൻ.ഇന്ന് ഡീസന്റായ ഒരു മാനേജ്മെന്റ് വിദഗ്ധൻ, ഒരെഴുത്തുകാരൻ, സേതുവാണ്. സേതു മാത്രം.വളരെ അച്ചടക്കത്തോടെ ബഹളമൊന്നുമില്ലാതെ എഴുത്തിനോടൊപ്പം ബാങ്കിന്റെ ഭാരിച്ച ഉന്നതമായ പദവികളും കൊണ്ടു നടന്ന ആളാണ് . എന്റെ കൗമാരകാലത്തു തന്നെ ഞാൻ അടുത്ത എഴുത്തുകാരൻ. ആധുനികരോടൊപ്പം വന്നെങ്കിലും അവരുടെ ദുശ്ശീലങ്ങളൊ സംത്രാസമോ അദ്ദേഹത്തിനില്ല. എം.മുകുന്ദനെപ്പോലെ വെട്ടിപ്പിടിക്കാനുള്ള ആക്രാന്തമില്ലാത്ത എഴുത്തുകാരനാണ് സേതു. ആധുനികതയുടെ തലതൊട്ടപ്പനായി രണ്ടു കൈയ്യും വിട്ട് സൈക്കിളോടിക്കാനും പിന്നെ രണ്ട് വീലും പഞ്ചറായപ്പോൾ ആധുനികോത്തര സ്കൂട്ടറിൽ കയറി പറപറക്കാനും അതു കഴിഞ്ഞ് ലൈൻ മാറ്റി
മാതൃഭൂമിയിൽ കയറി നിന്ന് അച്ചുമാമനെപ്പറ്റി കഥയെഴുതി ദേശാഭിമാനിവഴി ഇറങ്ങി വന്ന് കൊല്ലത്തെ നാസറിന്റെ ൽ കയറി നിന്ന് പിണറായിക്ക് സിന്ദാബാദ് വിളിക്കാനും എം.മുകുന്ദൻ തയ്യാർ. സേതുവിനെക്കിട്ടില്ല. ചുരുക്കത്തിൽ വേലത്തരങ്ങൾ കൈയ്യിലില്ലാത്ത എഴുത്തുകാരനാണ് സേതു.
സേതുവിന്റെ തൊഴിൽ വംശാവലിയുടെ പൂർവ്വികനാണ് അപ്പു നെടുങ്ങാടി.
മാത്രമോ മറ്റ് എഴുത്തുകാർ പത്രാധിപസ്ഥാനമോഹികളായപ്പോൾ മാസികയുടെനടത്തിപ്പു കാര്യങ്ങൾ നോക്കിയിരുന്ന ആളാണ് അദ്ദേഹം. ഒന്നല്ല മൂന്ന് പ്രസിദ്ധീകരണങ്ങളുടെ മേൽനോട്ടം. കേരള പത്രിക, കേരള സഞ്ചാരി, വിദ്യാ വിനോദിനി എന്നീ പ്രസിദ്ധീകരണങ്ങൾ അക്കാലത്ത് ഓണത്തിനും സംക്രാന്തിക്കും ഇറങ്ങിയിരുന്ന തല്ല. ഇന്നത്തെപ്പോലെ സർക്കാർ പരസ്യങ്ങൾ വെട്ടിക്കാൻ ഓണത്തിനും വിഷുവിനും പ്രത്യേക പതിപ്പിറക്കി പരസ്യ ദാതാവിനെ മഹാ സാഹിത്യകാരനാക്കുന്ന ഡക്കു വേലകളാന്നും ഇല്ലാത്ത കാലമാണ്. പോരെങ്കിൽ ഒരു ദിനപ്പത്രവും അതച്ചടിപ്പിക്കാൻ ഒരു പ്രസ്സും സ്ഥാപിച്ചു , അപ്പു നെടുങ്ങാടി.
“വെസ്റ്റേൺ സ്പെക്ടേറ്റർ” എന്നായിരുന്നു പത്രത്തിന്റെ പേരു്.
പൊതുക്കാര്യ പ്രസക്തനായ അപ്പു നെടുങ്ങാടി കോഴിക്കോട് മുൻസിപ്പൽ ചെയർമാനും ആയിട്ടുണ്ട്.
പോരെങ്കിൽ “അച്യുതൻസ്കൂൾ ” എന്ന വിദ്യാലയവും തുടങ്ങി. ക്രൈസ്തവരല്ലാത്ത പെൺകുട്ടികൾക്ക് കോഴിക്കോട് കോൺവെന്റിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ച് അവർക്കു വേണ്ടി തുടങ്ങിയതാണ് സ്ക്കൂൾ. ചാലപ്പുറത്ത് എസ്.പി. ഇ.ഡബ്ളിയു (Society for the Promotion of women)
ബ്രിട്ടീഷുകാർ “റാവുബഹദൂർ ” സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കോഴിക്കോട് എഴുത്തുകാർ രാഷ്ട്രീയത്തിൽ ക്ലച്ച് പിടിക്കാറുണ്ട്. അപ്പു നെടുങ്ങാടി ജനിച്ച വർഷം ജനിച്ച് മലയാളത്തിലെ ആദ്യ കഥയുടെ എഴുത്തുകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെ നോക്കുക. 53-ാം വയസ്സിൽ മദിരാശി നിയമസഭയിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് മരിച്ചത്. തിരുവനന്തപുരത്ത് നേരെ മറിച്ചാണ്. എഴുത്തുകാരനെന്ന് പറഞ്ഞ് വോട്ടു ചോദിക്കാൻ ചെന്നാൽ ഗേറ്റ് അടച്ചിട്ടും. എസ്.കെ.പൊറ്റക്കാട് കോഴിക്കോട് എം.പി. ആയപ്പോൾ ഇവിടെ കവി ഒ എൻ വി എട്ടുനിലയിൽ പൊട്ടിയില്ലേ?. ഒരു ഇംഗ്ലീഷ് എഴുത്തുകാരൻ ശശിതരൂർ പിന്നെ വരേണ്ടി വന്നു തിരുവനന്തപുരത്തിന്റെ അഭിമാനം രക്ഷിക്കാൻ ! പുസ്തകം തുറക്കുമ്പോൾ കോട്ടുവായിട്ടുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് തരൂരിനെ കിട്ടിയത് തുറുപ്പുചീട്ടായി. അതിട്ട് വെട്ടി എല്ലാം കളഞ്ഞുകുളിച്ച് കുണുക്കിട്ടിരിക്കുന്നത് കണ്ടു ചിരിക്കാൻ എതിരാളികൾ നിരന്നു കഴിഞ്ഞു.ഇപ്പോഴും ഓടിച്ചാടി നടക്കുകയല്ലേ തരൂർ.എന്നിട്ട് രാത്രി കുത്തിയിരുന്ന് എഴുത്തും.
1933 നവംബർ 5ന് 73-ാം വയസ്സിലാണ് അപ്പു നെടുങ്ങാടി അന്തരിക്കുന്നത്.1887 ൽ ഇരുപത്തിയേഴാം വയസ്സിലാണ് മലയാളത്തിലെ ആദ്യ നോവലായ “കുന്ദലത ” യുടെ പ്രസിദ്ധീകരണം. അതെഴുതി എന്നതുകൊണ്ടാണ് അപ്പു നെടുങ്ങാടി ഓർക്കപ്പെടുന്നത്.ആദ്യ നോവലെഴുതി, രണ്ട് വർഷം കഴിഞ്ഞ്1889 ലാണ് ചന്തുമേനോൻ ഇന്ദുലേഖയുമായി വരുന്നത്.ഇതൊന്നുമല്ല മൂർക്കോത്തുകുമാരൻ എഴുതിയ “വസുമതി ” എന്ന നോവലിൽ നിന്ന് അടിച്ചു മാറ്റിയാണ് ചന്തുമേനോൻ ഇന്ദുലേഖ എഴുതിയതെന്ന ആരോപണവും സാഹിത്യ ചരിത്രത്തിലെ അടക്കം പറിച്ചിലുകളിലൊന്നാണ്. പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണനാണ് ഇതിന് പ്രചാര വേഗം കൂട്ടിയത്. എന്നാൽ ലവന്മാർക്ക് തീരെ യുക്തിയില്ലെന്നതിന് തെളിവാണ് 1874 ൽ ജനിച്ച മൂർക്കോത്തുകുമാരനെങ്ങനെ 1887 ന് മുമ്പ് നോവൽ എഴുതും. 12 വയസ്സിൽ നോവലെഴുതിയോ?ഇത് പണ്ട് കേരള സർവ്വകലാകാലയുടെ മലയാളം ഡിപ്പാർട്ടുമെന്റ് ഭാഷാസാഹിതി ഇറക്കിയതുപോലെയായല്ലോ.
1982 ൽ സെനറ്റ് ഹാളിൽ ഞാനവതരിപ്പിച്ച ബിംബകല്പനയെപ്പറ്റിയുള്ളൊരു പഠനം അച്ചടിച്ചു വന്നതോ 1978 ലും . സംഗതി എന്താണെന്നു വച്ചാൽ തുടർച്ച വരാൻ 4വർഷം പിന്നിലേക്കടിക്കേണ്ടി വന്നു. ഇതാണ് അവരൊക്കെപ്പൊക്കിപ്പിടിച്ചു കൊണ്ടുവരുന്ന രീതി ശാസ്ത്രം. നാഴികക്ക് നാല്പതു വട്ടം “മെത്തഡോളജി ” എന്നു വായലക്കും. പിന്നീട് പ്രബന്ധം എഴുതുന്നവർക്ക് ചരിത്രം പറഞ്ഞ് അടിക്കുറിപ്പെഴുതേണ്ടി വരില്ലേ?
ഇന്നലെ ചെയ്ത അബദ്ധങ്ങൾക്ക് സാങ്കേതിക വ്യാഖ്യാനങ്ങൾ കൊടുത്തിട്ടൊരു ഫലവുമില്ല.
ഇതാണ് പറയുന്നത് മലയാളത്തിന് പ്രായോഗിക ബുദ്ധിയില്ലന്ന്. അല്ല ഭാഷക്കല്ല യൂണിവേഴ്സിറ്റി പണ്ഡിതന്മാർക്ക് .അന്ന് ഇത്തരം മണ്ടൻ പരിപാടികൾക്ക് കുടപിടിച്ച് കൂടെ നിന്നയാളാണ് ഉള്ളൂരിന്റെ സാഹിത്യ ചരിത്രം പൊളിച്ചെഴുതാൻ പോകുന്ന ഡോ. എൻ. സാം. പഷ്ട്.! അക്കാഡമിക്പണ്ഡിതന്മാരുടെ ഒരു കാര്യങ്ങളേ. അത് അവിടെ നിൽക്കട്ടെ.
കലിംഗ മഹാരാജാവിന്റെ വിശ്വസ്ത മന്ത്രി കപിലനാഥനെച്ചുറ്റിപ്പറ്റിയാണ് “കുന്ദലത “യിലെ കഥ തുടങ്ങുന്നത്. ഉപജാപങ്ങളിൽ പെട്ട് മനം നൊന്ത് അയാൾ ആത്മഹത്യ ചെയ്യുകയും അനുജൻ അഘോരനാഥൻ മന്ത്രിയാവുകയും ചെയ്യുന്നു. പിന്നങ്ങോട്ട് മുട്ടിനു മുട്ടിന് കെട്ടിയുണ്ടാക്കിയൊരു നോവലാണ് “കുന്ദലത “മാമൂൽ പ്രിയത , വ്യവഹാരാദികാര്യങ്ങൾ, കുറ്റാന്വേഷണ കൗതുകം, ത്രികോണപ്രേമം , വിധി, ചരിത്രസ്മരണ ,നർമ്മബോധം, കവിതാ പ്രേമം, നെടുങ്കൻ വണ്ണന, സംഭാഷണം…. ഇങ്ങനെ അക്കാലത്തെ ചേരുവകളാണ്.
പണ്ടേ ആദ്യ കൃതിയെപ്പറ്റി തർക്കങ്ങളുമുണ്ട്. അതെ ക്കാലത്തും അങ്ങനെയായിരുന്നു. നമ്പർ വൺ ആകാൻ ആരും സമ്മതിക്കാറില്ല. മലയാളത്തിലെ ആദ്യ കഥ ഏത് എന്ന് പി.എസ്.സിപ്പരീക്ഷക്ക് ചോദിക്കുമ്പോൾ എഴുതുന്ന ഉത്തരം കൊണ്ട് ആദ്യ കഥയായോ?1876 ൽ രണ്ടാം പാഠാവലിയിൽ കേരള വർമ്മ കൽപ്പിച്ചു കൂട്ടിയ കഥയാണ് ആദ്യത്തേതെന്നും അതല്ല 1868 ൽ വിജ്ഞാന മഞ്ജരിയിലെ രണ്ടു യാചകന്മാരാണ് ആദ്യ കഥയെന്നും വാദം നടക്കുകയാണ്.. കോട്ടയം സി.എം. എസ് പ്രസ്സിൽ 1824 ൽ അച്ചടിച്ച “ചെറു പൈതങ്ങൾക്ക് ഉപകാരാർഥം ” എന്ന കഥയാണ് ആദ്യ കഥയെന്നും വാദമുണ്ട്.
എന്തായാലും തന്തയും തള്ളയും ആരെന്നറിയാത്ത കഥകളേക്കാൾ ഒറിജിനൽ തന്തയേയും തള്ളയേയും തൊട്ടു കാണിക്കാൻ കഴിയുമെന്നിടത്താണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെ ആദ്യ കഥയുടെ പിതാവായി വാഴിച്ചതും കുന്ദലതയുടെ കർത്താവായ അപ്പു നെടുങ്ങാടിക്ക് ആദ്യ നോവൽ രചയിതാവിന്റെ പട്ടം ചാർത്തിക്കൊടുത്തതും. ഉള്ളൂർ സാഹിത്യ ചരിത്രത്തിൽ ഒരു പ്രയോഗം നടത്തിചിട്ടുണ്ട് “പാശ്ചാത്യ സമ്പ്രദായത്തിൽ നോവൽ എന്ന ഇനത്തിൽ പെടുത്താവുന്ന ഒരു കഥ എഴുതി ഭാഷയെ ഭൂഷിപ്പിച്ചത് ” അപ്പു നെടുങ്ങാടി ആകുന്നു. “ഇതങ്ങ് ആറ്റെട്ട് ഉരുവിട്ട് ഉറപ്പിച്ചതല്ലേ? ഭാഷയെ ഭൂഷിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട വരല്ലേ ലവമ്മാരും.
നാടകത്തിലെ പഞ്ച സന്ധികളുപയോഗിച്ചാണ് അന്നത്തെ കഥയും നോവലും പടച്ചു കൊണ്ടിരുന്നത്.
ഇതിവൃത്തഘടന നാടകത്തോട് ഒട്ടിനിന്നു.തമ്പുരാക്കന്മാരും മാടമ്പി നായന്മാരും വന്ന് തലശ്ശേരിക്കാരൻ കള്ള് കൺട്രാക്ക് മൂർക്കോത്ത് രാമുണ്ണിയുടെ മകൻ മൂർക്കോത്ത് കുമാരനെ ഒ തുക്കി. അല്ലെങ്കിൽ അപ്പു നെടുങ്ങാടിയുടെ സ്ഥാനത്തിരിക്കേണ്ടയാളല്ലേ മൂർക്കോത്തേ ആ കുമാരൻ ?നാളെപ്പറയാം അക്കഥ!