ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പള്ളികളിലെ ക്രമീകരണങ്ങളിൽ മാറ്റംവരുത്തി ഖത്തർ മത കാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചു നേരെ നമസ്കാരങ്ങളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ട എന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം വെള്ളിയാഴ്ച ഖുതുബനടക്കുന്ന സമയങ്ങളിൽ വിശ്വാസികൾ ഒരു മീറ്റർ അകലം പാലിച്ചു വേണം പള്ളികളിൽ ഇരിക്കാൻ. ശൗചാലയങ്ങൾ തുറക്കാനും തീരുമാനമായി തിരക്ക് കുറഞ്ഞ പള്ളികളിൽ വുദു എടുക്കാൻ സൗകര്യം ഒരുക്കുമെന്നും നിർദേശമുണ്ട്.
എന്നാൽ പള്ളിയിലും പരിസരങ്ങളിലും കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. മാസ്ക് ധരിച്ചു മാത്രമേ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ പാടുള്ളൂ. സ്വന്തം മുസല്ല കയ്യിൽ കരുതണം. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ 3 ഞായറാഴ്ച മുതൽ ആവും പള്ളികളിലെ ഇളവുകളും പ്രാബല്യത്തിൽ വരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനു ഭാഗമായാണ് കൂടുതൽ ഇളവുകൾ നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇത് പ്രകാരം പൊതുസ്ഥലങ്ങളിൽ മാസ്ക് നിയന്ത്രണങ്ങളോടെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നു.