വാഷിങ്ടണ്‍: അഫ്ഗാനിസ്താനിൽ താലിബാന് അധികാരം പിടിച്ചെടുത്തത് അമേരിക്കയുടെ തന്ത്രപരമായ പരാജയമാണെന്ന് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ മാക്ക് മില്ലി. അമേരിക്ക ആഗ്രഹിച്ചതു പോലെയല്ല സൈനിക നടപടി അവസാനിച്ചത്. അഫ്ഗാനിസ്താനില്‍ നിലവില്‍ അധികാരത്തിലുള്ളത് താലിബാന് ആണെന്നും സെനറ്റ് ഹിയറിങ്ങിനിടെ മാക്ക് മില്ലി ചൂണ്ടിക്കാട്ടി.
പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കന്‍സി എന്നിവരും മില്ലിക്കൊപ്പം യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ വിവരങ്ങള്‍ നല്കി. തന്ത്രപരമായി യുദ്ധത്തില്‍ നാം പരാജയപ്പെട്ടു. ശത്രുവിന്റെ പക്കലാണ് നിലവില്‍ കാബൂളിന്റെ നിയന്ത്രണം. അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ അടക്കമുള്ളവ വിജയിച്ചുവെങ്കിലും തന്ത്രപരമായ പരാജയം നേരിട്ടുവെന്നും ജനറല്‍ മാക്ക് മില്ലി പറഞ്ഞു.
2500 സൈനികരെ അഫ്ഗാനിസ്താനില്‍ അമേരിക്ക നിലനിര്‍ത്തണമായിരുന്നു എന്ന് ജനറല്‍ മാക് മില്ലിയും ജനറല്‍ മക്കന്‍സിയും പറഞ്ഞു. പെട്ടെന്നുള്ള പിന്മാറ്റം അഫ്ഗാന് സര്‍ക്കാര്‍ നിലംപതിക്കുന്നതിനും സൈന്യം പരാജയപ്പെടുന്നതിനും ഇടയാക്കിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ മാസം നല്കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടതിന് വിരുദ്ധമായ കാര്യങ്ങളാണ് യു.എസ് സൈനിക ജനറല്‍മാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. നിശ്ചിത സമയ പരിധിക്കുശേഷവും അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്താനില്‍ നിലനിര്‍ത്തണമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥനും തന്നെ ഉപദേശിച്ചിട്ടില്ലെന്നാണ് ബൈഡന് പറഞ്ഞിരുന്നത്.
അതിനിടെ, അഫ്ഗാന് സൈന്യം ഇത്രവേഗം പരാജയപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജനറല്‍ മക്ക് മില്ലിയും പെന്റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനും വെളിപ്പെടുത്തി. അഫ്ഗാന് സൈന്യത്തിന് പരിശീലനം നല്‍കിയത് വെറുതെയായി. ഒരു തവണ പോലും വെടിയുതിര്‍ക്കാതെയാണ് പല സ്ഥലത്തും അഫ്ഗാന് സൈന്യം പരാജയം സമ്മതിച്ചത്. തങ്ങളെ അത് അത്ഭുതപ്പെടുത്തിയെന്ന് ഓസ്റ്റിന്‍ പറഞ്ഞു. സൈന്യത്തിന് പിടിച്ചുനില്ക്കാന് കഴിയില്ലെന്ന തരത്തിലുള്ള രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കാബൂളിന്റെ നിയന്ത്രണം കുറച്ചുനാള്‍കൂടി സൈന്യത്തിന്റെ കൈകളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചതെന്ന് മക്ക് മില്ലി പറഞ്ഞു.