ശ്രീനഗര്‍: ലഷ്‌കര്‍ ഇ ത്വയ്ബയും പാകിസ്താന്‍ സൈന്യവുമാണ് തനിക്ക് പരിശീലനം നല്‍കിയതെന്ന് പാക് ഭീകരവാദി വെളിപ്പെടുത്തുന്ന വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.
തിങ്കളാഴ്ച ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 19 വയസ്സാണ് അലിയുടെ പ്രായം. ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്പില്‍ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്.
അതിര്‍ത്തി കടന്ന് ബാരാമുള്ള ജില്ലയിലെ പട്ടനിലെത്തി ആയുധം വിതരണം ചെയ്യാന്‍ തനിക്ക് 20,000 രൂപ നല്‍കിയെന്നും മാധ്യമപ്രവര്‍ത്തകരോട് അലി പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം 30,000 രൂപ കൂടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേര്‍ത്തു.
മുസാഫറബാദിലെ ലഷ്‌കര്‍ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബര്‍ 18-നാണ് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി.
















