ക്യുനെറ്റ് ഓൺലൈൻ തട്ടിപ്പ്. ഓരോ ദിനവും പുറത്തുവരുന്ന കഥകൾ ഞെട്ടുകയാണ് കേരളം. കാരണം കോടികളുടെ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരിൽ പലരും പ്രാദേശികമായി അറിയപ്പെടുയവരാണ്. ഈ കെണിയിൽ വീണവർ ആകട്ടെ സ്വന്തം സമ്പാദ്യം തന്നെ മൊത്തമായി വലിയ ലാഭം പ്രതീക്ഷിച്ച് നിക്ഷേപിച്ചവരാണ്. തട്ടിപ്പ് ഏറ്റവും വ്യാപകമായി നടന്നതെന്ന് കരുതുന്നത് എറണാകുളത്തും മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ്. ആയുർവേദത്തിന്റെ നാടായ കോട്ടക്കലിൽ ഇപ്പോൾ ഉയരുന്നത് തട്ടിപ്പിന്റെ കഥകളാണ്.
ആളുകളെ ക്യുനെറ്റിലേക്ക് ആകർഷിക്കുന്നതിനായി കോട്ടക്കലിൽ ഉൾപ്പെടെ നിശാ പാർട്ടികൾ സംഘടിപ്പിച്ചതായി മലപ്പുറത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ദന്ത ഡോക്ടർമാർ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ക്യുനെറ്റ് ഓൺലൈന്റെ ഭാഗമായി ആളുകളെ ചേർത്തതായുള്ള വിവരം മലപ്പുറത്ത് നിന്ന് ഉണ്ട്. ഇവരെ വിശ്വസിച്ച് പണം ഏൽപ്പിച്ച പലർക്കും പണം നഷ്ടമായതായാണ് വിവരം.
ആളുകളെ ക്യുനെറ്റിലേക്ക് ആകർഷിക്കാൻ ശനിയാഴ്ചകളിൽ കോട്ടക്കലിന് സമീപത്ത് വെച്ച് നിശാ പാർട്ടി സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്. യുവ വ്യവസായികൾ, മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, തൊഴിൽ രഹിതരായ യുവാക്കൾ തുടങ്ങി നിരവധി പേർ ഇത്തരം പാർട്ടികളിൽ പങ്കെടുത്തിരുന്നെന്നാണ് വിവരം. ഇത്തരം പാർട്ടികളിൽ വെച്ച് ഇ കൊമേഴ്‌സിന്റെ സാധ്യതകളെ കുറിച്ചും അതിൽ ക്യുനെറ്റിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന ക്യുനെറ്റിന്റെ ഫ്രാഞ്ചൈസി എടുത്തെന്ന് അവകാശപ്പെടുന്നവർ തങ്ങളുടെ ആഡംബര ജീവിതത്തെ കുറിച്ചും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും പറഞ്ഞ് പാർട്ടിക്ക് കൂടിയവരെ കബളിപ്പിക്കുകയാണ് പതിവ്. ഇവരുടെ മോഹനവാഗ്ദാനങ്ങളിൽ വഞ്ചിതരായവർ സ്വന്തം പണവും കടം വാങ്ങിയ പണവും കൈമാറും. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി ഇവരിൽ പലരും അറിയുന്നത് തന്നെ.
ഇരുപതോളം ദന്ത ഡോക്ടർമാർ ക്യുനെറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നെന്നാണ് വഞ്ചിതരായവർ തന്നെ നൽകുന്ന വിവരം. ഈ ദന്തഡോക്ടര്മാര് മുഖേന നിരവധി ആളുകൾ ക്യുനെറ്റ് മൾട്ടി ലെവൽ മാർക്കെറ്റിങ്ങിൽ ചേർന്നിരുന്നു. ഇവരുടെ സഹപ്രവർത്തകരും മെഡിക്കൽ രംഗത്ത് നിന്നുള്ള മറ്റുള്ളവരുമാണ് ഇവരുടെ നിർദേശ പ്രകാരം ഇതിൽ പണം മുടക്കിയ മറ്റുള്ളവർ. ഡോക്ടർമാർ ഉൾപ്പെടെ നിരവധിപേർക്കാണ് ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. അതോടൊപ്പം തന്നെ ഇവരെ ചേർത്ത ചില ദന്ത ഡോക്ടർമാരും ക്യുനെറ്റ് ടീമിന്റെ വലയിൽ പെട്ടവരാണ്. ഇവരുടെ പണവും ഇങ്ങനെ നഷ്ടമായിട്ടുണ്ട്. ചുരുക്കത്തിൽ അവരുടെ പണവും അവർ ചേർത്തവരുടെ പണവും ഒരുപോലെ നഷ്ടമായി.
പണം നഷ്ടപ്പെട്ട പലരും സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി പരാതികൾ നൽകിയിട്ടുണ്ട്. കോട്ടക്കൽ, മലപ്പുറം, വളാഞ്ചേരി, കുറ്റിപ്പുറം, തിരൂർ, തിഊരങ്ങാടി ഭാഗങ്ങളിലായി ഇത്തരത്തിൽ നിരവധിപേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കബളിപ്പിക്കപ്പെട്ട ഏതാനും പേർക്ക് പണം തിരിച്ച് നൽകാനും ഏജന്റുമാർ മുഖേന ശ്രമങ്ങൾ നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കബളിപ്പിക്കപ്പെട്ട പലരും ലീഡർമാരെന്ന് വിശ്വസിക്കുന്നവരുടെ ബന്ധുക്കൾ ആയതിനാൽ ഇത്തരം ആളുകൾ കേസിന് പോയിട്ടില്ല. ഇവരുടെ പണം തിരിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ലഭിച്ചതായാണ് വിവരം.