കഴിഞ്ഞ ഇരുപത് വര്ഷകാലമായിട്ട് ജനങ്ങളുടെ നടുവിലായിരുന്നു ജീവിച്ചത്, എം എൽ എ ആയി മന്ത്രിയായൊക്കെ. എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെ മാറി ഏകാന്തതയിലേക്ക് വരുകയാണ് ഈ മാറ്റത്തെ എങ്ങനെയാണ് കാണുന്നത് ?
ഒറ്റയ്ക്കൊന്നുമല്ല, അത് തെറ്റാണ്. ഇവിടെ പാർട്ടി വർക്കുണ്ട് , രണ്ട് കേരളത്തിൽ കഴിഞ്ഞ 25 വർഷത്തിൽ ഉണ്ടായ ജനാധിപത്യപരമായ മാറ്റം; ആർക്ക് വേണമെങ്കിലും സാമൂഹ്യമായി ഇടപെടലുകൾ ഇവിടെ നടത്താം എന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി – അധികാര വികേന്ദ്രീകരണം – അവിടങ്ങളിൽ ഒരു പൗരനെന്ന നിലയിൽ കഴിയുന്ന പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. മൂന്ന്, എഴുതാൻ എനിക്ക് ഒരുപാട് കുടിശ്ശിക ബാക്കി കിടാക്കുകയാണ് – ഇപ്പൊ കൊവിഡൊക്കെയല്ലേ ഈ സമയം കൊണ്ട് അവയൊക്കെ തീർക്കണം.
എഴുപതുകളിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്, അന്ന് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. പ്രത്യേകിച്ച് വലതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ സജീവമായിരുന്ന കാലം – ഇടതു പക്ഷം വളരുന്നേയുള്ളൂ. ആക്കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയം തെരഞ്ഞെടുത്തപ്പോൾ ഉണ്ടയാ ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു?
പ്രതിസന്ധി എന്റെ വീട്ടിലായിരുന്നു, അവിടെ ആരും കമ്മ്യൂണിസ്റ്റുകൾ ആയിരുന്നില്ല. ഞാൻ തന്നെ ആദ്യകാലത്ത് വലിയാ വിശ്വാസിയായിരുന്നു- കുറച്ചു നാൾ സെമിനാരിയിലൊക്കെ പോയിട്ടുണ്ട്. എന്റെ രണ്ടാം വർഷ പ്രീ- ഡിഗ്രി കാലത്ത് ഭൂരിഭാഗവും കളമശേരിയിൽ ഫാദർ ജോസഫ്, കാപ്പൻ ഇവർക്കൊപ്പം ഷെഡ് പോലത്തെ വസ്തിയിലായിരുന്നു ഞാൻ. ഐക്കഫിലൊക്കെ ഉണ്ടിരുന്നു. ജെസ്യൂട്ട് സ്വാധീനം കൂടെ കഴിഞ്ഞപ്പോൾ ഇനി അടുത്തപടി, ഇങ്ങനെ കുറയെ സാമൂഹ്യ പ്രവർത്തനം മാത്രം ചെയ്താൽ പോരെന്ന് തോന്നി. അന്ന് ഈ തീയോളജി ലിബറേഷനൊക്കെ വരുന്ന കാലമാണ്. വിശ്വാസത്തിൽ നിന്നും വിപ്ലവത്തിലേക്ക്.
സെമിനാരിയിൽ പോയത് പിന്നീട് രാഷ്ട്രീയ ജീവിതത്തിൽ സഹായിച്ചിട്ടുണ്ടോ ?
ക്രിസ്തുവിനെ പറ്റിയ പുതിയ ഇന്റർപ്രറ്റേഷനാണല്ലോ നമ്മെ പുതിയ വഴികളിലോട്ട് നയിക്കുന്നത്, അതാണ് ഒന്നാമത്തെ ഗുണം. രണ്ടാമത്തെ ഗുണം ഞാൻ ഒരിക്കലും ഒരു യുക്തിവാദിയാകുന്നില്ലാ. മാർക്സിസ്റ്റുകാർ ഒരിക്കലും ഒരു യുക്തിവാദിയാകുന്നില്ല, അതായത് – ദൈവം ഇല്ല എന്ന് സ്ഥാപിക്കലാണ് പുരോഗതി എന്ന ചിന്താഗതിയിലേക്ക് പോകുന്നില്ല അത്. മാത്രമല്ല റിലീജിയോസിറ്റി എന്ന് പറയുന്നത് കള്ളത്തരമല്ല, അങ്ങനെ ഒരു ചിന്തയുണ്ട്. റിലീജിയൻ എന്ന് വച്ചാൽ മൊത്തം ട്രിക്കുകളും കാര്യങ്ങളുമാണെന്ന്. എന്നാൽ അങ്ങനെയല്ല, ഇപ്പൊ ഞാൻ റിലീജിയസാണ്. എം എ ബേബി നേരെ തിരിച്ചു യുക്തിവാദിയായിരുന്നു. അതേസമയം ഞങ്ങൾ രണ്ടാളും അനലിറ്റിക്കലാണ്.
അറുപതുകളിലും എഴുപതുകളിലും മതത്തെ, വിശ്വാസത്തെ തകർക്കുക എന്നതായിരുന്നല്ലോ , കമ്മ്യൂണിസ്റ്റുകളുടെ ഒരു പുരോഗതിയിലേക്കുള്ള നായാമായി ഉണ്ടായിരുന്നത് ?
ഇപ്പോ ആലോചിച്ചു നോക്കിയേ, സി പി എമ്മിന് വോട്ട് ചെയ്യുന്നതിൽ തൊണ്ണൂറു ശതമാനം ആളുകളും വിശ്വാസികളാണ്. പാർട്ടിയോട് ചേർന്ന് നിൽക്കുന്നവരിൽ ചിലർ നിരീശ്വര വാദികളാവാം പക്ഷെ അവരുടെ വീട്ടുകാർ അങ്ങനെയാവണമെന്നില്ല. അവർ നിൽക്കുന്ന വ്യവസ്ഥിതിക്ക് ഒപ്പമാണോ, എതിരാണോ എന്നതാണ്, ഇവിടെ പ്രാധാനം.
എഴുപതുകളിൽ എസ് എഫ് ഐയിലായിരുന്നലും പാർട്ടിലായിരുന്നലും വരുമ്പോൾ അന്ന് കിട്ടുന്ന ധൈര്യം എന്തായിരുന്നു ?
വായനയാണ് എന്റെ ധൈര്യം. പലർക്കും സമരം ചെയ്യുന്നതും മറ്റും വലിയ ധൈര്യം പകർന്നിട്ടുണ്ട്. ഞാൻ വായനയും വിശകലാനാത്മക ചിന്തയും എന്റെ ബലമാക്കി. മാർക്സിന്റേയും ലെനിന്റേയുമൊക്കെ സെലെക്ടഡ് പുസ്തകങ്ങൾ എല്ലാം ഞാൻ അന്ന് വായിച്ചിരുന്നു. ഡിഗ്രി കാലഘട്ടത്ത് പാഠപുസ്തകം വായിക്കും പോലെയാണ് ഞാൻ ഇതൊക്കെ വായിച്ചത്, അന്ന് സൈമൺ ബ്രിട്ടോയുടെ വീടുണ്ടായിരുന്നു, അവിടെ ശല്യമൊന്നുമില്ല, കായലോരത്താണ് വീട് – മീനൊക്കെ കിട്ടും. അവിടെ ഞാൻ ഈ തടിയൻ പുസ്തകങ്ങളുമായിട്ട് പോയ് ഇരിക്കും ദിവസങ്ങളെടുത്ത് വായിക്കും.
വായനയുടെ കാര്യം പറഞ്ഞാപ്പോഴാണ്, എഴുപതുകളിൽ പൊങ്ങി വന്നാ നക്സലൈറ്റ് മൂവ്മെൻറ് – അതൊക്കെ ഗാഢമായ വായനകളിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞു വന്നതായി കാണാം. അതിലോട്ടൊക്കെ പോവാൻ സാധ്യതയുണ്ടായിരുന്നോ ?
ഞാൻ ഇല്ല, പക്ഷെ നക്സൽ ആയിരുന്ന കൂട്ടുകാരൊക്കെ എനിക്ക് ഉണ്ടായിരുന്നു. അവരൊക്കെ എന്റെ ഹോസ്റ്റൽ മുറിയിൽ താമസിക്കാൻ വരുമായിരുന്നു. പിന്നെ സി പി എമ്മിലുണ്ടായിരുന്നവരും വായനാ കുറവുള്ളവരായി കണക്കാണ്ട. ഇവിടെയും പണ്ഡിതരായിട്ടുള്ള ഗാഢവായനയുള്ളവർ ഒക്കെ ഉണ്ടായിരുന്നു.
എസ് എഫ് ഐയിൽ നിന്നും ആഴത്തിലുള്ള സംവാദങ്ങൾക്കുള്ള വേദിയൊക്കെ അക്കാലത്ത് ഒരുക്കിയിരുന്നോ ?
എസ് എഫ് ഐ ഒന്നും അക്കാലത്തു അധികം വളർന്നിട്ടില്ല. എങ്കിലും അടിയന്തരാവസ്ഥ കാലത്ത് – ഞങ്ങളുടെ വിശകലനം ഇനി ജനാധിപത്യം ഒന്നും തിരിച്ചു വരില്ല എന്നായിരുന്നു, ഇനി പോരാട്ടവും സമരവും ഇല്ലാതെ ഒരു മാർഗവുമില്ല. അതൊരു ഫൂളിഷ് ആയ ചിന്താഗതിയായിരുന്നു. തൊഴിലാളി വർഗത്തെ കണ്ട് പേടിച്ചിട്ടൊന്നുമല്ല അടിയന്തരാവസ്ഥ കൊണ്ടുവന്നത്, അത് ഭരണ വർഗത്തിനിടയിലെ ഭിന്നിപ്പായിരുന്നു- അത് സോൾവ് ചെയ്തു കഴിഞ്ഞാൽ വീണ്ടും പഴയപടിയാവും. സി പി എമ്മിനുള്ളിൽ അതിനുള്ള ഒരുപാട് വേദിയുണ്ടായി. അസന്തുലിതമായ രാഷ്ട്രീയ വളർച്ചയാണ് ഇവിടെയുള്ളത്. നിങ്ങൾക്ക് മുൻതൂക്കമുള്ള ഇടങ്ങളിൽ ജനങ്ങളുടെ പ്രയോഗിക പ്രശ്നങ്ങൾ മനസിലാക്കി, അവരുടെ എംപവർമെന്റ് നടപ്പാക്കുക – ഇതൊക്കെ അറുപത് കാലഘട്ടങ്ങളിലെ സി പി എമ്മിന്റെ നിലപാടാണ്.
എഴുപത് കാലഘട്ടത്തിൽ അടിയന്തരാവസ്ഥാ പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ, അതിനെ നേരിട്ടത് വിദ്യാർത്ഥികളായിരുന്നു. കേരളത്തിൽ അന്നത്തെ വിദ്യാര്ഥി പ്രസ്ഥാനത്തിലുണ്ടായിരുന്നാ താങ്കളെ പോലുള്ളവരൊക്കെ എങ്ങനെയാണ്, അപ്രതീക്ഷിതമായെത്തിയാ അടിന്തരവസ്ഥയെ നേരിട്ടത്.?
നമ്മുടെ ഒരുമാസത്തെ പഠിപ്പ് മുടക്കി കളഞ്ഞു. ഇനി ജനാധിപത്യമില്ല, സമരമുറയാണ് വേണ്ടതെന്ന്, മഹാരാജാസ്സിൽ വച്ച് നമ്മൾ വിശകലനം നടത്തുകയാണ്. 19 പിള്ളേരെ ഭീകരമായ മർദ്ദന മുറയ്ക്ക് വിധേയമാക്കി, അപ്പോഴാണ് നമ്മുടെ കൈവിട്ട് പോകുന്നത്. എന്നാൽ ഞാൻ അന്നൊന്നും പിടിക്കപ്പെട്ടില്ല. കണ്ണടയൊക്കെ മാറ്റി മീശയൊക്കെ വടിച്ചു, വേഷത്തിൽ മാറ്റം വരുത്തി . എല്ലാവർക്കും അറിയാം ഞാൻ കോളജിൽ തന്നെയുണ്ടെന്ന് , പക്ഷെ നിശബ്ദമാവുക എന്നതേ വഴിയുണ്ടായിരുന്നുള്ളു. കൊടുങ്ങല്ലൂർ വച്ച എന്നെ പിടിക്കുന്നത് മൂന്നു മാസം ജയിലിൽ , അടിയൊക്കെ തന്നു. പിന്നീട് ആരുടെയൊക്കെയോ ഇടപെടൽ ഉണ്ടായപ്പോൾ മർദ്ദനം ഉണ്ടായില്ല.
വീട്ടുകാരുടെയൊക്കെ പ്രതികരണം എന്തായിരുന്നു ?
സ്വാഭാവികമായിട്ടും സങ്കടമായിരുന്നിരിക്കും. ജയിലിൽ വന്നിരുന്നു. എന്നാൽ , ഞാൻ എന്തായാലും വന്നതല്ലേ രണ്ടു പുസ്തകങ്ങൾ അവിടെ വച്ചു സങ്കടിപ്പിച്ചു. മനസിലാക്കാൻ പാട് തോന്നിയെങ്കിലും ‘ ക്യാപിറ്റൽ’ എന്ന പുസ്തകം ഒന്നാം വാല്യം വാശിക്ക് അടിയതാരാവസ്ഥ കാലം ഒന്നാം മാസം കൊണ്ട് തന്നെ വായിച്ചു. രാത്രി ഇരുന്നു ഒരു മൂലയിൽ വെട്ടം കിട്ടും അവിടെ ഇരുന്നു വായിക്കും .
അക്കാഡമീഷ്യൻകൂടിയായ താങ്കൾ ഈ രാഷ്ട്രീയം തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ് ?
പഠന കാലയളവിൽ തന്നെ രാഷ്ട്രീയം ഉണ്ടായിരുന്നു. ഞാൻ എന്റെ എം എ കഴിഞ്ഞപ്പോൾ ആലുവയിലെ ട്രേഡ് യൂണിയനിൽ ചേരണമെന്ന് തീരുമാനിച്ചു.അക്കാലത്തു കെ എൻ രവീന്ദ്ര നാഥനുമായിട്ടൊക്കെ നല്ല ബന്ധമാണ്. അപ്പോഴാണ് ജെ എൻ യു വിലെ എസ് എഫ് ഐ യുടെ സെക്രട്ടറിയായിരുന്ന നീലകണ്ഠനും എന്റെ പരിചയത്തിലേക്ക് വരുന്നത്. ഈ ഇട്ടാവട്ടത്ത് കിടക്കേണ്ട, ജെ എൻ യു വിലേക്ക് പോയിപഠിക്കണമെന്ന് അയാൾ എല്ലാരോടും വന്ന് പറഞ്ഞു. ജെ എൻ യു വിൽ ചേരണം അതിനു ആദ്യം സി ഡി സിയിൽ ( സെൻഡർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് ) ചേരണം, അങ്ങനെ വളരെ നിർബന്ധിച്ചു. അത് മറ്റൊന്നിനും അല്ലായിരുന്നു , എല്ലാവരും പഠിക്കുക ഒരു ഇന്റലക്ച്വൽ ഗ്രൂപ്പ് ഉണ്ടാകുക അതായിരുന്നു അയാളുടെ ലക്‌ഷ്യം. അപ്പൊ ഞങ്ങൾ വിഷയമൊക്കെ തെരഞ്ഞെടുത്തു , മിഡീവൽ കേരള പഠിക്കണമെന്നാണ് , ഞാനും ഗണേഷുമൊക്കെ തീരുമാനിച്ചു പോയത്. പിന്നീട് ഗണേഷ് അത് തന്നെ പഠിച്ച്, ഞാൻ വേറെ വഴിക്കും പോയി.
അപ്പൊ ഞങ്ങൾ മൂന്നുപേരും കൂടി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു, അവിടെയാണ് , സി ഡി എസ്. അങ്ങോട്ടേക്ക് പോകും വഴി ഹരിപ്പാട് വച്ച് ബസ് ഒരു കശുവണ്ടി ലോറിയുമായി കൂട്ടിയിടിച്ചു അപകടമുണ്ടായി. നീലകണ്ഠൻ മരിച്ചു. സത്യം പറഞ്ഞ ഞാനാണ് ആ സീറ്റിൽ ഇരുന്നിരുന്നത്, ചാറ്റൽ മഴ ദഹത്തുകൂടെ പെയ്യുന്നത് കണ്ടപ്പോൾ, നീ ഇങ്ങോട്ടേക്ക് ഇരിക്കെന്നും പറഞ്ഞു ആലപ്പുഴ കഴിഞ്ഞപ്പോ നീലകണ്ഠൻ അവിടെക്കേറി ഇരിക്കുകയായിരുന്നു .
നീലകണ്ഠന്റെ വീട്ടിലേക്ക് പ്രൊഫസ്സർമാരും വന്നിരുന്നു, അവർക്കെല്ലാം അറിയാമായിരുന്നു ഞങ്ങളുടെ കാര്യം. അവർ അവിടെ വച്ച് സി ഡി എസ് ലേക്ക് ഞങ്ങളെ വരാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ സി ഡി എസിലേക്ക് എത്തിപ്പെടുന്നത്. സി ഡി എസ് ൽ ചേർന്നപ്പോഴേക്കും കാര്യങ്ങളൊക്കെ വളരെ ഡിഫറൻറ് ആയി. ഡോ: രാജനൊക്കെ അറിയാം നമ്മൾ രാഷ്ട്രീയത്തിലാണെന്ന്. നിങ്ങൾ കോഴ്സ് വർക്കോക്കെ സമർപ്പിക്കുന്നുണ്ടെങ്കിൽ, ടേം പേപ്പറൊക്കെ ചെയ്യുന്നുണ്ടെങ്കിൽ നമുക്കൊരു പ്രശ്നവുമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു.
നോക്കിയേ, സി ഡി എസ്സിലെ എന്റെ റെക്കോർഡ് ഇപ്പോഴാണ് മറികടന്നത് , അതുവരെ ഞാനായിരുന്നു എല്ലാ കോഴ്സ് പേപ്പറിനും ഓവറാൾ എ പ്ലസ് വാങ്ങിയ ഏക വ്യക്തി. അതോടെ എം ഫിൽ ഇല്ലാതെ തന്നെ നേരിട്ട് പി എച്ച് ഡി ചെയ്യാമെന്നായി. അങ്ങനെ അതിനു ജോയിൻ ചെയ്തു. അക്കാലത്തു മൊത്തം പഠന ഗവേഷണത്തിന്റെ കാര്യങ്ങളിലോട്ട് തിരിഞ്ഞു, എ കെ ജി സെന്ററിലും പോവും ഗവേഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ റെഫർ ചെയ്യും. ചിന്തയിൽ എം വി പരമേശ്വരനും മറ്റുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് സാമൂഹ്യ പ്രവർത്തനങ്ങളിലോട്ട് വരുകയും അക്കാദമിക് അറിവുകൾ പ്രവർത്തങ്ങൾക്ക് പ്രേരകമാവുകയും ചെയ്തു.
അക്കാലത്തു ഇ എം എസ് ഒക്കെ നൽകിയ പഠന ക്ലാസുകളും രാഷ്ട്രീയ പാഠങ്ങളും ഇതിന്റെ ഒപ്പം ഉണ്ടായിരുന്നിരിക്കുമല്ലോ. പിൽക്കാലത്തു ഇ എം എസ്സിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നപ്പോൾ, പ്രത്യേകിച്ച് പി ജി യെപ്പോലുള്ളവരുടെ ഭാഗത്തു നിന്നും വന്നപ്പോൾ, ഇ എം എസ്സിനെ പറ്റിയ ചിന്തകൾക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചിരുന്നോ ?
ഇല്ലില്ല . എനിക്ക് ഇ എം എസ്സിനെ പറ്റി എന്നും വലിയ ബഹുമാനം തന്നെയാണ്. എന്തുകൊണ്ടാണ് പി ജി അങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്ന് അറിയില്ല, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്പേസ് തന്നിരുന്ന ആളാണ്. ഉദാഹരണം, ഒരിക്കൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഒരു ലേഖനം, താൻ തന്നെ പത്രാധിപരായിരുന്ന മാസികയിൽ പ്രസിദ്ധികരിക്കുകയും അതെ പതിപ്പിൽ തന്നെ മുഖ പ്രസംഗം അതിനെ വിമർശിച്ചുകൊണ്ട് എഴുതുകയും ചെയ്തിരുന്നു. അത്തരത്തിൽ ഒരു യൂണീക്ക് വ്യക്തിയാണ്.
ഉദാഹരണം, ഒരിക്കൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഒരു ലേഖനം, താൻ തന്നെ പത്രാധിപരായിരുന്ന മാസികയിൽ പ്രസിദ്ധികരിക്കുകയും അതെ പതിപ്പിൽ തന്നെ ഞങ്ങളെ വിമർശിച്ചുകൊണ്ട് മുഖ ലേഖനവും എഴുതി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തിയററ്റിക്കൽ അടിത്തറ ഇ എം എസാണ്, കാർഷിക പ്രശ്നം, കേരളത്തിന്റെ ദേശീയത, കേരത്തിന്റെ ജാതി ; ഇതൊന്നും മാർക്സിസ്റ്റ് ടെസ്റ്റ് ബുക്കിലൊള്ളതല്ലെന്ന് – ഇവിടുന്നാണ് ഇതൊക്കെ രൂപ പെടുത്തിയത്. അതുകൊണ്ട് ആരാധനയാണ് ആ മനുഷ്യനോട്.
കേരള രാഷ്ട്രീയത്തിൽ താങ്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഐഡിയ ആയിരുന്നല്ലോ ജാനകിയാസൂത്രണം. അതിന്റെ തുടക്കകാലത്തെ നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയായിരുന്നു ?
ഇതിൽ നാലഞ്ചു ടൈപ്പ് ആളുകൾ വന്നിരുന്നു. ഒന്ന് ഇ എം എസ്സിനെ പോലുള്ള രാഷ്ട്രീയ നേതാക്കൾ, പിന്നെ കുറയെ സംഘടനകൾ , മൂന്നാമത്തേത് അക്കഡമിക്സ് , പിന്നെ പതിനായിരക്കണക്കിന് വോളണ്ടീർമാർ ഒരു ലാഭവുമില്ലാതെയായിരുന്നു അവർ വർക്ക് ചെയ്തിരുന്നത്. അപ്പൊ ഇവരൊക്കെയായിട്ടുള്ള ബന്ധം ആ സമയത്ത്, ഇങ്ങനെ വലിയൊരു സാധ്യത എന്റെ മുന്നിൽ തുറന്നിട്ടു. പുതിയൊരു കേരളം പടുത്തുയർത്താൻ പോകുന്നു എന്ന ഒരു ഹരം, അത് എല്ലാവരെയും വന്ന് പിടിച്ചു. ഞാൻ എന്റെ ഫേസ്ബുക്കിൽ അവരെ പറ്റിയൊക്കെ എഴുതി ക്കൊണ്ടിരിക്കുകയാ ഇപ്പോൾ. ഒരു ആയിരം പേരെയെങ്കിലും അതുവഴി ആദരിക്കണം. ഞാൻ ഇന്നും ആലോചിക്കാറുണ്ട് അന്ന് റബ്ബറിന്റെയും കയറിന്റെയും വില ഇടിഞ്ഞിരുന്നെങ്കിൽ, എൽ ഡി എഫ് വീണ്ടും ജയിച്ചിരുന്നുവെങ്കിൽ, വലിയൊരു തുടർച്ച തന്നെ ഉണ്ടാവുമായിരുന്നു.
എല്ലാ പ്രസ്ഥാനങ്ങൾക്കും ഒരു പരിമിതിയൊക്കെ ഉണ്ടാവുമല്ലോ . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയാണ് സ്വന്തം സംഘടനയിലെ പരിമിതിയായിട്ട് തോന്നുന്നത്?
പരിമിതി എന്താണെന്ന് ചോദിച്ചാൽ, ഇ എം എസ്സിന്റെ കാലത്ത്, ഒരു ആശയം വന്നത് , പിന്നാക്കം നിൽക്കുന്നതും സ്ത്രീകളും മറ്റുമായ വർഗീകരണമൊക്കെയുള്ള മനുഷ്യരെ സംഘടനപരമായി ഒന്നിപ്പിക്കുക. കേരളത്തിലെ എല്ലാ മനുഷ്യരും ഏതെങ്കിലും ഒരു സംഘടനയിൽ അംഗമാണ്, അപ്പോൾ ഒരു ബഹുജന സംഘടന ചർച്ച കൂടി തീരുമാനങ്ങളൊക്കെ എടുക്കുക. അത് ഇന്നേ വരെ നടന്നിട്ടില്ല. ഇതൊന്നും ഒരു സുസ്ഥിരതയിലേക്ക് വരുന്നില്ല. മറ്റൊന്ന് ഇതര മേഖലകളിലെപ്പോലെ ഒരു സമഗ്രത ഉത്പാദന മേഖലയിൽ ഉണ്ടാവുന്നില്ല. എന്നാൽ, ജാനകിയാസൂത്രണം അത്തരത്തിൽ ഒന്നായിരുന്നു , സമൂഹത്തിന്റെ താഴേക്കിടയിലേക്ക് 40 ശതമാനം പണം എത്തിച്ചു കൊടുക്കുക എന്ന ആശയം.
എനിക്ക് തോന്നുന്നത് താങ്കൾ, കേരള രാഷ്ട്രീയത്തിന്റെ കണ്ടന്റിൽ തന്നെ മാറ്റം വരുത്തിയ ഒരു വ്യക്തിയാണ്, ഹരിത രാഷ്ട്രീയം കൊണ്ടുവന്നു. അതുണ്ടാക്കിയ ഇമ്പാക്ട് വളരെ വലുതാണ്. എന്നാൽ അത് താങ്കളുടെ പർട്ടി പോലും മുന്നോട്ട് കൊണ്ടുപോയില്ല , താങ്കളിൽ മാത്രം ഒതുങ്ങിപ്പോയി അതെന്തുകൊണ്ടാണ് ?
അത് എന്റെ മാത്രമല്ലാ, എന്നെപ്പോലെ തന്നെ ഒരുപാടുപേർ ഇവിടെ ശാക്തമായി പ്രവർത്തിക്കുന്നുണ്ട്. സൈലന്റ് വാലി വിവാദത്തിലാണ് ഞാൻ ആദ്യാമായൊരു എൻവിയോൺമെൻഡൽ പ്രശ്നത്തിൽ ഇടപെടുന്നത്, അന്ന് ഒരു ലീഗ് നേതാവ് നിയമസഭയിൽ വച്ച് – “ഈ മരത്തിന്റെ ഭാരമേറിയിട്ടാണ് ഉരുൾ പൊട്ടുന്നത്, കടലിൽ കാടുണ്ടായിട്ടാണോ മഴപെയ്യുന്നത്” – ഇങ്ങനെ ഓരോ പ്രാവശ്യവും പറയുമ്പോഴും സഭ പൊട്ടിച്ചിരിക്കുമായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമ സഭയിൽ ആ നേതാവിന്റെ മകൻ അതെ വാക്യം ആവർത്തിച്ചു , എന്നാൽ ആരും തന്നെ ചിരിച്ചില്ല. ചില പ്രതിപക്ഷ നേതാക്കൾ തന്നെ ഇങ്ങനെയൊന്നും സംസാരിക്കരുതെന്ന് അദ്ദേഹത്തോട് പറയുകയും ഉണ്ടായി, നോക്കൂ ഇതാണ് മാറ്റം. അപ്പോൾ ഞാൻ പറയുന്നത്, നിലവിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്, ഈ മാറ്റങ്ങളെല്ലാം ഹരിത രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയെ ഉള്ളു. എത്ര തന്നെ അകറ്റിയാലും ഇത്തരം ആശയങ്ങൾ പ്രയോഗികതയിൽ കൊണ്ട് വന്നേ പറ്റൂ എന്ന നില വരും. ലോകം മുഴുവൻ കാലാവസ്ഥ വ്യതിയാനത്തിന്റെ എഫ്ഫക്റ്റ് നേരിടുകയാണ്.
ലോക രാഷ്ട്രങ്ങളെകുറിച്ചൊക്കെ ഒരുപാട് വായിച്ചിട്ടുള്ള അറിവുള്ള വ്യക്തിയാണ്. കേരളാ രാഷ്ട്രീയത്തിൽ ഇനി വരേണ്ട കണ്ടൻഡിലുള്ള മാറ്റങ്ങളെന്തൊക്കെയെന്നാണ് തോന്നിയിട്ടുള്ളത് ?
സ്വാന്തന്ത്രമായ ഒരു പൊതു മണ്ഡലത്തെ അംഗീകരിക്കാൻ പഠിക്കേണ്ടതുണ്ട്. എന്റെ പാർട്ടി മാത്രമല്ല എല്ലാ പാർട്ടികളും. ഉദാഹരണത്തിന്, ഗ്രാമ സഭ കൂടുകയാണ്, അവിടെ നമ്മുടെ ശക്തി ഉപയോഗിച്ച് നമുക്ക് വേണ്ട തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിച്ചാൽ എങ്ങാനിരിക്കും – ആളുകൾക്ക് എന്താ വേണ്ടതെന്ന് നമുക്ക് അറിയാൻ കഴിയാതെ ആവും – അതുപോലെയാണ് ഇതും. സ്വന്തന്ത്ര ചിന്തകൾ നമ്മുടെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമാണ്. അതെ സമയം ഒരു വലതുപക്ഷ ചുവ കേരള രാഷ്ട്രീയത്തിൽ ഇന്ന് വന്നിട്ടുണ്ട്. കിറ്റെക്സ് മുതലാളിയൊക്കെ വ്യവസായം അവസാനിപ്പിച്ചു പോകുന്നതുപോലെ ഒരു മാടമ്പിത്തം മുൻപ് കേരളത്തിൽ സംഭവിക്കില്ലായിരുന്നു. അതുപോലെ തന്നെ, അന്നൊക്കെ, ഒരു സാംസ്കാരിക പ്രവർത്തകൻ, കവി, ഇങ്ങനെയുള്ള കലാകാരന്മാർക്ക് ഒരു ആർ എസ് എസ് വേദിയിൽ പോവുകാ എന്നാൽ മാന്യതയ്ക്ക് കളങ്കമായിരുന്നു, ഇന്നാണെങ്കിൽ അത് വേറൊരു വേദിയായി മാറിയിട്ടുണ്ട്. ഇതാണ് വലതുപക്ഷ വത്കരണം എന്ന് പറഞ്ഞത്. ഇത് എല്ലാവരും പരിഗണനയിൽ എടുക്കേണ്ട ഒരു വിഷയമാണ്. നേരത്തെ നമ്മൾ തമസ്കരിച്ച പലതും ഇന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.
അടുത്തത് , ജനങ്ങളുടെ ക്ഷേമത്തിന്റെ കാര്യമെടുത്താൽ നല്ല പുരോഗതിയുണ്ടിവിടെ, കേരളം വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്നുണ്ട്, എന്നാൽ ഇത്രയും വിദ്യാസമ്പന്നർക്ക് നൽകാനുള്ള ജോലി കേരളത്തിന്റെ കയ്യിലില്ല . ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നാലിരട്ടി തൊഴിലില്ലായ്‌മയുണ്ടിവിടെ. ഇത് പറഞ്ഞാണ് ഗുജറാത്തുകാർ നമ്മളെ കളിയാക്കുന്നത്. നമ്മൾ തിരിച്ചവരെ വിദ്യാഭ്യാസത്തിന്റെയും കക്കൂസിന്റെയും കാര്യമൊക്കെ പറഞ്ഞു കളിയാക്കും. എന്നാൽ, നിലവിലെ ക്ഷേമം നില നിർത്തിക്കൊണ്ട് തന്നെ യുവാക്കൾക്ക് ജോലി നൽകുവാനുള്ള ഒരു സാമ്പത്തിക വളർച്ചയിലേക്ക് വന്നാൽ , കേരളം പുതിയൊരു ജനാധിപത്യ ബദലാവും. പ്രത്യേകിച്ചു ഇന്ത്യയിലെ അവസ്ഥ വളരെ മോശമാവുന്ന ഈ കാലത്ത് നിലവിൽ ഒരു പ്രതിപക്ഷം ഉയർന്നു അധികാരത്തിൽ വന്നാൽ തന്നെ, നമുക്ക് അവർക്ക് കാണിച്ചു കൊടുക്കാൻ പറ്റും പുതിയൊരു ജാനാധിപത്യ മോഡൽ കേരളത്തിന്റെതായി.
പിന്നെ, കേരളത്തിന്റെ സമ്പത്ത് ഇങ്ങനെ വർധിക്കുമ്പോഴും മുപ്പത് ശതമാനം മനുഷ്യർ കട്ട് ആവും അതിൽ നിന്നും, അവർ പാവപ്പെട്ടവരായിതന്നെ അവശേഷിക്കും. പൈസ ഉണ്ടാക്കുന്നവരാകട്ടെ പുതിയതായി കാർ വാങ്ങും സ്ഥലം വാങ്ങും വീട് വയ്ക്കും, ആവശ്യമില്ലെങ്കിലും ഒരു ആഡംബരം ഉണ്ടാക്കി കളയാം. ഉപഭോക്തൃസംസ്‌ക്കാരം എന്ന് പറയും. ഇതാണ് ബൂർഷ്വാ , അനന്തമായ ഉപഭോഗം. എന്നാൽ ഒരു പ്രശനം ഈ പണം അവരെന്തു ചെയ്യണം? സംസ്കാര ഉപഭോഗം നടത്തണം. നല്ലൊരു പാട്ടു പൈസ കൊടുത്തു വാങ്ങി കേൾക്കണം , നാടകത്തിനു കാശ് ചിലവാക്കണം , ഇങ്ങനെയിങ്ങനെ. ഫ്രീയായിട്ടുള്ള രീതി പതിയെ മാറണം.
താങ്കളുടെ ബജറ്റ് പരിശോധിക്കുമ്പോൾ കാണാം, ഒരോ പ്രാവശ്യവും സ്ത്രീകൾ, കുട്ടികൾ , ഇങ്ങനെ ഓരോ ഫോക്കസ് വച്ചുകൊണ്ടുള്ളത് , ഇത്തരത്തിൽ രൂപപ്പെടുത്തുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്താണ് ?
നമുക്ക് ഒരു ദിവസം കേരളത്തെ മുഴുവൻ കിട്ടുകയാണ്, ചാനലുകൾ എല്ലാം വരും അടുത്ത ദിവസം മുതൽ പത്രങ്ങളെല്ലാം ചർച്ച ചെയ്യും. അപ്പൊ ബജറ്റ് പ്രസംഗം അന്ന് ഇരുന്നു കേട്ടോണ്ടിരിക്കുമ്പോൾ ആളുകൾക്ക് ബോറടിക്കില്ലേ, അതാണ് അതിന്റെ മുഴുവൻ ഐഡിയയും വരത്തക്ക വിധം ഒരു ക്രോഢീകരണം ഇതുവഴി കൊണ്ട് വരാൻ ശ്രമിക്കുന്നത്. ചിലപ്പോ നമ്മൾ പറയാനുദ്ദേശിക്കുന്നതൊക്കെ, ഇതിലൂടെയാവും അവരിലേക്ക് എത്തുക .
ഈ കഴിഞ്ഞ ഇത്രയും കാലത്തെ രാഷ്ട്രീയവും അക്കാദമികവുമായാ ജീവിതത്തിൽ, സ്വയം ഒരു പരിമിതിയായി, ന്യൂനതയായി തോന്നിയിട്ടുള്ളതെന്താണ്?
പരിമിതികൾ ഇല്ലെന്നല്ല, ഒരുപാടുണ്ട് പക്ഷെ ഇപ്പൊ പറയുന്നില്ല. എന്നാൽ, നോക്കിയേ നമ്മളെങ്ങനെയൊക്കെയാണ്, കേരളാ സാമൂഹ്യ വിഷയങ്ങളിൽ ഈ പരിമിതികളെ മറികടന്നിട്ടുണ്ട് എന്നത്, റോഡും പാലമൊക്കെ പണിയുവാൻ കിഫ്‌ബി പോലെ ഒന്ന് കൊണ്ട് വന്നു, അറുപതിനായിരം കോടിയൊക്കെയാണ് ഉടനടി ലോക ബാങ്കിൽ നിന്നും കടമെടുക്കാൻ പറ്റുക. നമുക്ക് മുമ്പിൽ നേരത്തെ പറഞ്ഞത് പോലെ, വിദ്യാസമ്പന്നരുടെ ജോലി, വീട്ടിലിരിക്കുന്ന ജോലിയില്ലാത്ത അഭ്യസ്ഥവിദ്യസ്തരായ സ്ത്രീകൾ, എന്നിങ്ങനെ ഒരുപാട് പരിമിതികൾ ഉണ്ട് ഇന്ന്. ഇതിന്റെ ഒപ്പം തന്നെ വ്യവസായവും കൃഷിയിലൊക്കെയും നൂതന വിദ്യകൾ കൊണ്ടുവരാനുള്ള പരിമിതി, ഇങ്ങനെയെല്ലാം ഇതൊക്കെ നമുക്ക് മറികടക്കേണ്ടതുണ്ട്, ഇതിനായി ലോകം മുഴുവനിലുമായി നിറഞ്ഞിരിക്കുന്ന മലയാളികളുടെ എല്ലാവരുടെയും സഹായം നമുക്ക് തേടാവുന്നതാണ്. അതിൽ തന്നെ വിവിധ അന്തർദേശിയാ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലായാളി വിദ്യാർത്ഥികളുമുണ്ട്. എങ്കിലും കിട്ടിയാ സാധ്യതകളൊക്കെ ഉപയോഗിച്ചുകൊണ്ട്, ഒരുപാട് പരിമിതികൾ മറികടക്കാൻ കഴിഞ്ഞിരുന്നു എന്നതോർക്കുമ്പോൾ ഞാൻ ഹാപ്പിയാണ്.