തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ വവ്വാലുകളില്‍ നിപ( Nipah ) സാന്നിധ്യം കണ്ടെത്തി. സാംപിളുകളില്‍ നിപക്കെതിരായ ആന്റിബോഡി( Antibody ) കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്( Veena George )പറഞ്ഞു. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല് ആണെന്ന് അനുമാനിക്കാവുന്നതാണ് പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പുനെ(Pune) വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ(Virology Institute) നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.സെപ്റ്റംബർ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് അടച്ചിരുന്നു.
കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫംല നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകൾക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടേയത് ഇത്തവണത്തെ ആദ്യ കേസ് തന്നെയാണെന്നാണ് നിഗമനം. ഇനി അറിയേണ്ടത് കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ്. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് മൂന്നാം തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചത്.