‘എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്’.ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം ഭാഗത്തുള്ളതാണിത്.
ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിൽ മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴിച്ച് ഈ മൗലിക അവകാശങ്ങൾ നിഷേധിക്കാൻ ഉള്ള അധികാരം ഭരണകൂടത്തിന് ഇല്ല എന്നും ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും സമന്മാരാണ് എന്നും മൗലിക അവകാശലംഘനം ഉണ്ടായാൽ കോടതി മുഖേന അത് സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനു ഉണ്ടെന്നും ഭരണഘടന വ്യക്തമാക്കുന്നു. നിയമ നിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം, താമസിക്കാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങി ഇന്ത്യൻ ഭരണഘടനയിൽ പൗരന് 6 മൗലീക അവകാശങ്ങൾ ഉണ്ട്. കൂടാതെ വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കാൻ പാടില്ലെന്ന് ഭരണഘടനയിലെ 21 ആം വകുപ്പ് ആയ ജീവ സ്വാതന്ത്ര്യ സംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട്.
പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കപ്പെടേണ്ട ഒരു ജനാധിപത്യ രാജ്യത്ത്, ഇതേ പൗരന്മാർക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശലംഘനങ്ങളുടെയും, അനീതി കളുടെയും നേർക്കാഴ്ചയാണ് നമുക്ക് അസമിൽ കാണുവാൻ കഴിയുന്നത്. അസമിലെ ദാരംഗ് ജില്ലയിലെ സിപജറിലെ ധോൽപൂർ ഗോരുഖുതിയിൽ നടന്ന മുസ്ലിം കൂട്ടക്കൊലയും പോലീസ് ക്രൂരതയും അങ്ങേയറ്റം അപലപനീയമായ ഒന്നാണ്.
അസമിലെ നിരാലംബരായ മനുഷ്യർക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ ഭരണകൂടം നടത്തിയ അക്രമ നടപടികളിൽ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും അടിയന്തരമായി ഇടപെടണം. കുടിയൊഴിപ്പിക്കലിന്റെ പേരിൽ നടപ്പാക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലയും ആണ് ഇത് ഞെട്ടിക്കുന്നതും രാജ്യത്തിന് അപമാനകരവും ആണ്. ഇതുവരെ മൂന്നു പേരെ വെടിവെച്ചു കൊന്നു എന്ന് മാത്രമല്ല മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
മൃതശരീരങ്ങളിൽ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയയും കൂട്ടുനിൽക്കുന്ന പോലീസും സംഭവത്തിന് ഭയാനകത വിളിച്ചോതുന്ന കാഴ്ചയാണ്. പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയിൽ നിന്ന് പാവങ്ങളെ തോക്കുകൾ കൊണ്ട് തുടച്ചു നീക്കുന്ന ഭരണകൂടവും മൃതദേഹത്തിൽ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനു മുൻപിൽ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ്.
ബംഗാളി വംശജരായ എണ്ണൂറോളം മുസ്ലീങ്ങൾ പതിറ്റാണ്ടുകളായി അധിവസിക്കുന്ന മേഖലയിൽ ഒരു നഷ്ടപരിഹാരവും നൽകാതെ ഒഴിഞ്ഞുപോകാൻ ആജ്ഞാപിച്ചു തോക്കുകൾ കൊണ്ട് സംസാരിക്കുന്നവർ പരത്തുന്ന വംശീയത മുറുകെ പിടിക്കുന്ന ഇന്ത്യ മഹാരാജ്യത്തിന് ഭൂഷണമല്ല.മുഖ്യമന്ത്രി ഹിമന്ത ബിശ്വന്ത് ശർമയുടെ ഓർഡർ പ്രകാരം നടക്കുന്ന കൊടിയ ക്രൂരതകൾ അവസാനിപ്പിക്കുന്നതിന് അടിയന്തരമായി രാജ്യം ഇടപെണം.