ന്യൂഡല്‍ഹി: പിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിശദീകരണവുമായി നവ്ജോത് സിംഗ് സിദ്ദു. രാജി സമ്മര്‍ദ തന്ത്രമല്ലെന്നും അവസാന ശ്വാസംവരെ സത്യത്തിനുവേണ്ടി പോരാടുമെന്നും നവ്ജോത് സിംഗ് സിദ്ദു പറഞ്ഞു. പഞ്ചാബിന് വേണ്ടിയാണ് ശക്തമായി നിലകൊണ്ടത്. തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും സിദ്ദു പറഞ്ഞു.
ഇന്നലെയാണ് നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര് ധിന്‍ഗ്രയും രാജിവച്ചിരുന്നു.
അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം ശക്തമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തത്ക്കാലം ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തതും രാജിയിലേയ്ക്ക് നയിച്ചതായാണ് സൂചന. സിദ്ദുവിനെ വിശ്വാസമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പ്രതികരിച്ചത്.