കോഴിക്കോട്: മഹിളമാള്‍ അടച്ചുപൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭകരെ കൈവിടില്ലെന്ന് മേയര്‍ ബീന ഫിലിപ്പ് (meyor Dr. Beena Philip ). നിയമപരമായി സഹായിക്കാന്‍ കഴിയാത്തതിനാല്‍ മറ്റ് വഴി തേടുമെന്ന് മേയർ അറിയിച്ചു.അതേസമയം നിക്ഷേപരെ വഴിധാരമാക്കിയതില് കോര്‍പറേഷനും പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
വനിത സംരംഭകര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ മഹിളമാളിന് കഴിഞ്ഞയാഴ്ചയാണ് പൂട്ട് വീണത്. ലോക്ഡൗണ്‍ കാരണം കടകള്‍ അടച്ചതോടെ പലരും കച്ചവടം അവസാനിപ്പിച്ചു. ഒഴിയാത്തവരുടെ മുറികള്‍ കെട്ടിട ഉടമ സാധനങ്ങള്‍ പുറത്തെടുത്തിട്ട ശേഷം പൂട്ടി.
ഇത് കണ്ടിട്ടും കോര്പറേഷന് ഒന്നും ചെയ്തില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന മാളായതിനാല് സംരംഭകരെ നിയമപരമായി സഹായിക്കാന്‍ കഴിയില്ലെന്നാണ് മേയറുടെ വാദം. എങ്കിലും സംരംഭകരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മേയർ പറഞ്ഞു. കോടതി ഉത്തരവും കുടുംബശ്രീക്കാര്‍ക്ക് എതിരായിരുന്നു. കട പൂട്ടിയതോടെ സംരംഭകരില്‍ ഭൂരിഭാഗവും കടുത്തസാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.