കോഴിക്കോട്: പാർട്ടി പുനഃസംഘടന നീളരുതെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്നും കെ മുരളീധരൻ എം പി. എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പുന:സംഘടന നീളരുത്. താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർട്ടി സംപൂജ്യമാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന് പുറത്തു പോകില്ല. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന് പറഞ്ഞു.
കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെയെല്ലാം താരിഖ് അൻവർ കാണുന്നുണ്ട്. എല്ലാവരുമായും ചർച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാണ്ട് നിർദേശം നൽകിയിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർപ്പും വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് താരിഖ് അൻവർ ഹൈക്കമാണ്ട് നിർദേശ പ്രകാരം കേരളത്തിലെത്തിയത്.