പി.പുരുഷോത്തമൻ നായരുടെ നിര്യാണത്തില് എം രാജീവ് കുമാർ എഴുതിയ സ്മരണ കുറിപ്പ്
എനിക്കറിയാവുന്ന ആകാശവാണിയിലെ സ്റ്റേഷൻ ഡയറക്ടർമാർ മൂന്ന് തരത്തിലുള്ളവരായിരുന്നു.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവർ ! പത്ത് ചക്ക മൂടോടെ തിന്നെന്നു പറയുന്ന വിടുവായന്മാർ. പത്തു മഹാത്മാരുടെ ഇടയിൽ മൗനിയായിരുന്ന് പതിനൊന്നാമത്തെ മഹാൻപട്ടം നേടിയവർ ! ഇവർക്കൊക്കെ ഊതി വീർപ്പിച്ച നെഞ്ചുമായി നടക്കാനേ അറിയാവൂ. ഉത്തരം ചുമക്കുന്ന ഗൗളികളാണവർ. ആകാശവാണി സ്വന്തം ചുമലിലാണെന്ന മട്ടിലൊരു നടപ്പുണ്ട്. എന്നാൽ അതിനും മേലെയുള്ള എഡിജി ഏമാന്മാരുടെ പേരു. കേൾക്കുമ്പോഴേ കാറ്റഴിച്ചുവിട്ട ബലൂണായി കാലിൽ വീണ് കൊടിച്ചിപ്പട്ടികളാകുന്ന പേടിത്തൊണ്ടന്മാരാണവർ ! “മസിൽപ്പറിയന്മാർ ” എന്നിക്കൂട്ടരെ വിളിക്കാം. ഡൽഹിയിലിരിക്കുന്ന അത്തരം മസിൽപ്പറിയന്മാരാണ് മോഡിയുടെ എഴുപതാം പിറന്നാളിന് ആകാശവാണിയെ അച്ചിവീടാക്കിയത്.
കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ജാതികളാണ് ആകാശവാണിയുടെ തലപ്പത്തെന്ന് മനസ്സിലാക്കാൻ വിഷമമില്ല. ഇപ്പോഴും മോഡിയുടെ അപദാനങ്ങൾ കൊണ്ട് റേഡിയോ അശ്ലീലമാക്കിക്കൊണ്ടിരിക്കുകയാണവർ. അവരുടെ ചേട്ടന്മാർ പെൻഷ്യൽ പറ്റിയിട്ടും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ കേരളത്തിലുണ്ടുറങ്ങിക്കഴിയുന്നുണ്ട്. തത്കാലം പേരു പറയണ്ട അല്ലേ?
മറ്റൊരു കൂട്ടരുള്ളത് പദവിക്കിണങ്ങാതെ തന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്ന തൂപ്പുകാരികളേയും സെക്യൂരിറ്റികളെയും ഡ്രൈവന്മാരെവരെ സ്ഥലം മാറ്റി രസിക്കുകയും ആശ്രിതരെ ചെരുപ്പുനക്കികളാക്കി ചാരപ്പണി നടത്തി കുത്തിത്തിരിപ്പും ഉപജാപവുമുണ്ടാക്കി രസിക്കുന്ന “ഇരുപതിനായിര ” ത്തിന്റെ അരസികപ്പരിഷകൾ!. അവർ സ്ഥാപനം കുട്ടിച്ചോറാക്കി പൊടിയും തട്ടി അവനവന്റെ ഉയർച്ച നോക്കി കോണി കയറി മേൽപ്പോട്ടങ്ങ് കയറിപ്പോകുന്നവന്മാരാണ് ! “പാരപ്പറിയന്മാർ ” എന്നിക്കൂട്ടരെ വിളിക്കാം. ഇത്തരത്തിലൽ സമാന സ്വഭാവമുള്ളവർ ആകാശവാണിയിൽ മാത്രമല്ല മറ്റെല്ലാ സ്ഥാപനങ്ങളിലും കണ്ടേക്കും. ആലോചിച്ചു നോക്കുക.
ഇനി മൂന്നാമതൊരു കൂട്ടർ അത് ആകാശവാണിയിലേ കാണൂ. സഹൃദയരാണ്. തലപ്പത്തിരുന്ന് കലാകാരന്മാരെ ആദരിക്കുന്നവരാണ്. പദവിയിൽ അഹങ്കരിക്കാതെ എഴുത്തുകാരുടേയും കലാകാരന്മാരുടേയും കഴിവിനെ വേണ്ട വിധം സ്ഥാപനത്തിന് ഉപയോഗിക്കുന്നവരാണ്. അവരെ മാത്രമേ പിൽക്കാല തലമുറ ഓർമ്മിക്കൂ.അവർക്ക് ഇരട്ടപ്പേരില്ല.അത്തരത്തിൽ പുരുഷോത്തമനായ ഒരാളെപ്പറ്റിയാണ് ഇന്ന് പറയാൻ തുടങ്ങുന്നത്.
പി.പുരുഷോത്തമൻ നായർ.! മരിക്കുമ്പോൾവയസ്സ് 95. 2021 സെപ്റ്റംബർ 25 നായിരുന്നു ചരമം. ഇക്കഴിഞ്ഞ ശനിയാഴ്ച . ആരും അറിഞ്ഞില്ല.എന്റെ പ്രിയ സുഹൃത്തും പ്രക്ഷേപണ ചരിത്രകാരനുമായ
ഡി.പ്രദീപ് കുമാറിന്റെ പ്രസിദ്ധപ്പെടുത്താനിരിക്കുന്ന പ്രക്ഷേപണ പുസ്തകത്തിൽ അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടുണ്ട്.1950 ൽ കോഴിക്കോട് റേഡിയോ നിലയം ആരംഭിച്ചപ്പോൾ പ്രോഗ്രാം അസിസ്റ്റന്റായി വന്ന് 1977 ൽ പോർട്ട് ബ്ലയറിൽ സെലക്ഷൻ ഗ്രേഡ് സ്റ്റേഷൻ ഡയറക്ടറായി ത്തീർന്ന പുരുഷോത്തമൻ നായർ വിരമിച്ചു കഴിഞ്ഞും വളരെക്കാലം ജീവിച്ചിരുന്നു.
ജി.ശങ്കരക്കുറുപ്പ് മഹാരാജാസ് കോളജിൽ മലയാളം പണ്ഡിറ്റായി ജോലി നോക്കുമ്പോൾ അദ്ദഹത്തോടൊപ്പം താമസിച്ച ആളാണ്. മദ്രാസിൽ പോയി നിയമം പഠിച്ച് കൊച്ചിയിൽ അഭിഭാഷകനായി കുറെക്കാലം ജോലി ചെയ്തിട്ടാണ് പുരുഷോത്തമൻ നായർ ആകാശവാണിയിലെത്തുന്നത്.എഴുത്തുകാരൊക്കെയായി നല്ലബന്ധമായിരുന്നു. അടച്ചു മൂടിയ സ്റ്റുഡിയോയിൽ നിന്ന് ജനമദ്ധ്യത്തിലേക്കിറങ്ങി ആകാശവാണി കാറ്റും സൂര്യ വെളിവും കൊണ്ടത് പുരുഷോത്തമൻ നായരുടെ കാലത്താണ്.
എൻ.വി.കൃഷ്ണവാര്യർ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് കുട്ടേട്ടനായി അവതരിച്ചത് അദ്ദേഹമാണ്. “കുട്ടികളേ ഇതിലേ ഇതിലേ “”വളരു വലിയവരാകൂ” എന്ന് രണ്ട് ബാലസാഹിത്യ കൃതികളെഴുതിയിട്ടുമുണ്ട്. കോഴിക്കോട് പരിപാടികളുടെ ചുക്കാൻ പിടിക്കുമ്പോൾ ടി.വി.ആർ. ഷേണായിയുടെ ആദ്യ രചന കുഞ്ഞുണ്ണിയുടെ ആദ്യ രചന ഒക്കെ പ്രസിദ്ധപ്പെടുത്തുന്നത് പുരുഷോത്തമൻ നായരായിരുന്നു.ആകാശവാണിയിലടയിരുന്നതു കൊണ്ട് ബാലസാഹിത്യം എഴുതിക്കത്തിക്കയറാനും കഴിഞ്ഞില്ല. മറ്റൊന്നും പ്രസിദ്ധീകരിക്കാനും കഴിഞ്ഞില്ല.
എഴുത്തുകാരായി ആകാശ വാണിയിൽ വരുന്നവർക്കു പറ്റുന്ന ദുര്യോഗമാണത്. തകഴി യേക്കാൾ മികച്ച കഥകളെഴുതിക്കൊണ്ടിരുന്ന നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ കാര്യം തന്നെ എടുക്കാം. ആകാശവാണിയിൽ വന്നു കഴിഞ്ഞ് കണ്ടകടച്ചാ ണികളെല്ലാം എഴുതിയും പറഞ്ഞും ഒരു ചെവിയിൽ നിന്ന് കേട്ട് മറു ചെവിയിൽ കൂടങ്ങ് പോയി. ഒടുവിൽ കണക്കെടുക്കുമ്പോൾ ഒന്നുമില്ല. ശുദ്ധം ശൂന്യം.!തോട്ടികളുടെ കഥ ആദ്യമെഴുതുന്നത് ” തോട്ടി ” എന്ന കഥയിലൂടെ നാഗവള്ളിയാണ്. പിന്നീട് മാത്രമാണ് തകഴി “തോട്ടിയുടെ മകൻ ” എഴുതുന്നത്.
പി.പത്മരാജൻ ആകാശവാണിയിൽ വന്നശേഷമാണ് നല്ല കഥകൾ എഴുതുന്നത്. ബുദ്ധിമാനായിരുന്നു. സ്വന്തം കാര്യം നോക്കി.. റേഡിയോയിൽ പെട്ടില്ല. അനൗൺസറായതു കൊണ്ട് അതിൽ മാത്രം ശ്രദ്ധിച്ചു. കൂടുതലൊന്നും റേഡിയോക്ക് എഴുതാൻ പോയില്ല. അനൗൺസറെന്ന നിലയിൽ ചിലതൊക്കെ പത്മരാജൻ ചെയ്തു. “തത്തമ്മേ പൂച്ച പൂച്ച ” പോലെ എഴുതിക്കൊടുക്കുന്ന കാര്യം മാത്രമല്ല അദ്ദേഹം വായിച്ചത് !
ഇന്ന് റേഡിയോയിൽ കൂടി മീൻപിടുത്തക്കാർക്ക് വേണ്ടിയുള്ള കാലാവസ്ഥ മുന്നറിയിപ്പ് പറയാറുണ്ടല്ലോ. പണ്ടത് “ധീവർ “ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പായിരുന്നു. അതിനെ വെട്ടി “മുക്കുവർ” ക്കുള്ള മുന്നറിയിപ്പായി മാറ്റിയത് പത്മരാജനാണ്. പത്മരാജൻ പോയിക്കഴിഞ്ഞപ്പോൾ ജാതിപ്പേര് മാറ്റി അത് “മത്സ്യബന്ധന ” ത്തിലേർപ്പെടുന്നവർക്കുള്ള മുന്നറിയിപ്പായി .കുറെക്കാലം അത് തുടർന്നു. അത് പിന്നെ വെട്ടി “മീൻപിടിത്ത”ക്കാർ ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പാക്കിയതിൽ എനിക്ക് വലിയ സ്ഥാനമുണ്ട്. ഭാഷയുടെ കാര്യത്തിൽ ചില അഭിപ്രായങ്ങൾ പറയുമ്പോൾ അതിനെ തലകുലുക്കി സമ്മതിക്കാറുള്ള അധികാരികൾ എന്നിട്ടും ഒരാശങ്ക നിലനിർത്തിയതു് എന്തിനാണെന്ന് ബോദ്ധ്യമായിട്ടുണ്ട്. തസ്തികയുടെ വലിപ്പം വെച്ചിട്ടാണ്. ഞാനിവിടെ സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോൾ ഇവനാരടാ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് !എന്ന ഭാവം ഇപ്പോഴും റേഡിയോയിൽ ഉണ്ടോ ആവോ! പത്ത് വാക്ക് കേട്ടെഴുത്തിട്ടാൽ പത്തും തെറ്റിക്കുന്ന സ്റ്റേഷൻ ഡയറക്ടറന്മാരെ തൊട്ടു ഞാൻ കാണിക്കാം. ആദ്യംഒന്നും അങ്ങ് സമ്മതിച്ചു തരില്ല.
പുരുഷോത്തമൻ നായർ അങ്ങനെ ആയിരുന്നില്ല. എൻ.വി.കൃഷ്ണ ര്യരെക്കൊണ്ടും വൈലോപ്പിള്ളിയെക്കൊണ്ടും കാവ്യനാടകം എഴുതിപ്പിച്ച പാർട്ടിയാണ്. തിക്കോടിയിനെക്കൊണ്ട് നിരന്തരം നാടകം എഴുതിപ്പിച്ചു.ഇടക്ക് ഒരു കാര്യം. മുൻപ് റേഡിര യോയിൽ ചില അധികാരികളുണ്ടായിരുന്നു. പട്ടിപുല്ലുതിന്നുകയുമില്ല പ ശുവിനെക്കൊണ്ട് പുല്ലു തീറ്റി ക്കുകയുമില്ല എന്ന ചൊല്ലിനെ സാധൂകരിക്കുന്നവർ.
ആകാശവാണിക്കാർ ഒന്നും നാടകവും ഫീച്ചറും എഴുതണ്ട. ഒരു വിധത്തിൽ കൊള്ളാമായിരുന്നു. കോലെടുത്തവനെല്ലാം ചെണ്ടകൊട്ടി ശ്രോതാക്കളുടെ ചെവിക്കല്ല് പൊട്ടിക്കണ്ട. നല്ല കാര്യം. അകത്തേക്ക് ചുഴിഞ്ഞിറങ്ങിയാൽ അതായിരുന്നില്ല കാര്യം. പന്നി തടിച്ചാൽ പാതാളം തോണ്ടും എന്ന ചിന്തയായിരുന്നു. “എനിക്കേ രണ്ട് വാക്ക് തെറ്റു കൂടാതെ എഴുതാനറിഞ്ഞുകൂടാ. പിന്നെ എന്റെ താഴെ ജോലി ചെയ്യുന്നവന്മാരെന്തിന് ഷൈൻ ചെയ്യുന്നു.! ” ഇതാണ് മനസ്സിലിരുപ്പ്.
ഇങ്ങനെ ദൂഷണം എഴുതാൻ തുടങ്ങിയാൽ അത് തന്നെ പറഞ്ഞ് നേരം വെളുപ്പിക്കാം.
പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാനുണ്ണും എന്ന മട്ടിലായിരിക്കുന്നു ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. ഇനി നമുക്ക് സ്മര്യപുരുഷനിലേക്ക് കടക്കാം.1957 ൽ രണ്ടാം കെട്ട് ക കെട്ടിയതിന് തിരുവനന്തപുരം നിലയത്തിൽ നിന്ന് നാടകച്ചുമതലക്കാരനായ പി.കേശവദേവിനെ ജോലിയിൽ നിന്ന് പിരിച്ചയച്ചപ്പോൾ പകരം തിരുവനന്തപുരത്ത് വന്നത് പുരുഷോത്തമൻ നായരായിരുന്നു. ഇൻഡോർ നിലയം ആരംഭിച്ചപ്പോൾ അവിടേയ്ക്ക് പോയിരുന്നതാണ്. രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം കേരളത്തിൽ മടങ്ങി വന്നു. അതും തലസ്ഥാനത്തു തന്നെ. കെ.പത്മനാഭൻ നായരെ കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു.
പുരുഷോത്തമൻ നായർ എത്തുമ്പോൾ തന്റെ പഴയ സഹമുറിയൻ ജി.ശങ്കരക്കുറുപ്പ് മുഖത്തല ശ്രീകുമാറായി അന്ന് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ വാഴുകയാണ്. പുരുഷോത്തമൻ നായർക്ക് ബാലലോകം കിട്ടി. പിന്നെ അതിലങ്ങ് കസറി. ജഗതിയും വീരനുമായി ചേർന്ന് “ഗദ്യവും പദ്യവും ” അവതരിപ്പിച്ചു. ഗദ്യം ഗോപാല പിള്ളയും പദ്യം പരമേശ്വരൻ പിള്ളയും. സാക്ഷാൽ എൻ.ഗോപാല പിള്ള പുരുഷോത്തമൻ പിള്ളയുടെ സുഹൃത്തായതുകൊണ്ട് മാനനഷ്ടത്തിന് കേസു കൊടുക്കാനൊന്നും പോയില്ല.
ഏഴ് കൊല്ലം കഴിഞ്ഞു 1963 ജൂണിൽ ആകാശവാണി പോർട്ട് ബ്ലയർ സ്റ്റേഷൻ (ആന്റമാന്റ് നിക്കോബർ ദ്വീപ സമൂഹം )ഉദ്ഘാടനം ചെയ്തപ്പോൾ അതിന്റെ ചുമതലക്കാരനായി പുരുഷോത്തമൻ നായരെ അയച്ചു. ഒമ്പത് വർഷം കൊണ്ട് അമ്പത് വർഷത്തെ നേട്ടമാണ് ആ സ്റ്റേഷന് അദ്ദേഹം ഉണ്ടാക്കിയത്.നാടുകടത്തപ്പെട്ട സ്വാതന്ത്രൃസമര സേനാനികളിൽ അവശേഷിച്ചവരെ ഒന്നും വിടാതെ ശബ്ദലേഖനം ചെയ്തു.
നിങ്ങൾക്കറിയാമോ പോർട്ട് ബ്ലയറിലുമുണ്ട് മഞ്ചേരിയും തിരൂരും തിരൂരങ്ങാടിയും കൊടകരയുമൊക്കെ. നാടുകടത്തപ്പെട്ടവരുടെ ഗൃഹാതുരസ്മരണകൾ പറ്റി നിൽക്കുന്ന സ്ഥലങ്ങൾ. അവിടേക്കൊക്കെ ബസ്സുകൾ ബോർഡ് വച്ച് ഓടുന്നുമുണ്ട്.
1972 ൽ പനാജിയിലേക്ക് ചതിയ പ്രക്ഷേപകരെ പരിശീലിപ്പിക്കാൻ അദ്ദേഹത്തെ നിയോഗിച്ചു. പോയിട്ട് 1977 ൽ തിരിച്ച് പോർട്ട് ബ്ലയറിൽ സെലക്ഷൻ ഗ്രേഡ്കിട്ടി “മൂത്തസ്റ്റേഷൻ ഡയറക്ടറാ “യി വരുമ്പോൾ പുരുഷോത്തമൻ നായർ മുൻ കൈ എടുത്ത് അവതരിപ്പിച്ച ഒരു നാടകമുണ്ട്. റേഡിയോ നാടക ചരിത്രത്തിൽ നാഴികക്കല്ലായ നാടകം. രചനയിലും അവതരണത്തിലും മാറ്റം ഉൾക്കൊണ്ട നാടകം. അതിന്ദേശീയ പുരസ്ക്കാരവും കിട്ടി.
എഴുത്തുകാരുമായി നല്ല ബന്ധമുണ്ടായിരുന്ന പുരുഷോത്തമൻ നായർ ജി. ശങ്കരപ്പിള്ളയെ പിടിച്ച പിടിയാലെ കൊണ്ടിരുത്തി റേഡിയോയ്ക്കു വേണ്ടി എഴുതിച്ച നാടകമാണ്. “അക്കരെ ” മധു മഞ്ജുളാലയവും എൻ.ആർ.സി.നായരും പേരു വച്ച് സംവിധാനം ചെയ്ത നാടകം. അതിനിടയിൽ പുരുഷോത്തമൻ നായർ കൂടി കയറി നിന്നില്ല. സാധാരണ പാവം പിടിച്ച കലാകാരന്മാർ വിയർപ്പൊഴുകിച്ചെയ്യുന്ന പരിപാടികളുടെ ഫലം കൊയ്തെടുക്കാൻ പല സ്റ്റേഷൻ ഡയറക്ടർമാർക്കും ഒരുളുപ്പുമില്ല.
“അക്കരെ ” എന്ന നാടകത്തിന്റെ പിന്നണിയെപ്പറ്റി എന്റെ പ്രിയ സുഹൃത്ത് വിജയ രാഘവനിൽ നിന്നാണ് ഞാനറിഞ്ഞത്! കാര്യവട്ടത്തു എനിക്കു മുൻപ് നാടകത്തിൽ ഡോക്ടറേറ്റെടുത്ത് ആകാ വാണിയിൽ വരികയും പിന്നെ അവിടെനിന്ന് ചാടി സോങ്സ് ആന്റ് ഡിവിഷൻ ഡയക്ടറായി വിരമിച്ച് ഇപ്പോൾ ചെന്നൈയിൽ കഴിയുന്ന വിജയ രാഘവൻ ,!ഗവേഷണം കഴിഞ്ഞ് കട്ടയടിച്ചു നടന്ന എന്നെ റേഡിയോയിൽ അപേക്ഷ അയക്കാൻ പ്രേരിപ്പിച്ച് ആകാശവാണിയിലേക്ക് തള്ളിയിട്ട ആളാണ് അദ്ദേഹം.
സാഹിത്യത്തിന്റെ കൈവഴികൾ നന്നായി അറിയാവുന്ന വിജയ രാഘവൻ ഇപ്പോഴും എവിടെ എന്നെക്കണ്ടാലും വായിക്കും. വിളിക്കും.ജി.ശങ്കരപ്പിള്ളയുടെ ആ നാടകത്തെപ്പറ്റി വിജയ രാഘവൻ പറഞ്ഞ ചില അറിവുകൾ ഇവിടെ പങ്കുവയ്ക്കാം.
ജി.ശങ്കരപ്പിള്ളയുടെ “അക്കരെ ” എന്ന റേഡിയോ നാടകത്തിന്റെ പിറവിക്കു പിന്നിൽ പുരുഷോത്തമൻ നായരുടെ പങ്ക് വളരെ വലുതാണ് .പോർട്ട് ബ്ലയറിലെ പരിമിതമായ സൗകര്യങ്ങൾ വച്ചു കൊണ്ട് പറഞ്ഞു കൊടു കൊടുത്ത് എഴുതിച്ചതാണ്. അതിൽ എന്തെല്ലാം ഇഫകട് വേണമെന്ന് പുരുഷോത്തമൻ നായർ തന്നെയാണ് നിശ്ചയിച്ചത്. അതെല്ലാം നാട്ടിൽ നിന്ന് മധു മഞ്ജുളാലയം സംഘടിപ്പിച്ചു.(മധു വർമ്മ എന്നാണ് ഓഫീസ് പേരു്. ഒടുവിൽ ദൂരദർശനിൽ ന്യൂസ് എഡിറ്ററായിരുന്നു. എഴുപതുകളിൽ “വലയം ” എന്ന നോവലും വ്യത്യസ്തമായ കഥകളുമെഴുതി ശ്രദ്ധ പിടിച്ച കഥാകൃത്തായിരുന്നു മധു മഞ്ജുളാലയം . അകാലത്തിൽ അന്തരിച്ചു.) രാത്രിയിലാണ് ഡബ്ബ് ചെയ്തത്. കാരണം അന്നത്തെ പോർട്ട് ബ്ലയറിലെ സ്റ്റുഡിയോ പൂർണ്ണമായും സൗണ്ട് പൂഫ് അല്ലായിരുന്നു!മരം കൊണ്ടുള്ള കെട്ടിടം. അന്ന്തൃശൂർ ആകാശവാണിയിൽ ഉണ്ടായിരുന്ന ക്ലാർക്ക് രാജശേഖരനായിരുന്നു സഹായി- ആളില്ലാതെ വരുമ്പോൾ നിലയത്തിലുള്ള ആളുകളെ അനൗൺസറും പ്രൊഡക്ഷൻ അസിസ്റ്റനും ഒക്കെയാക്കും. പേരിന് ഒരു ശബ്ദ പരിശോധനയും നടത്തും. പ്രക്ഷേപണത്തെ നശിപ്പിച്ചത് ഇത്തരം ചില നീക്കങ്ങളാണ്.
ഇപ്പോഴും അടുത്തൂൺ പറ്റാറായ ചില അരോചകമായ സ്ത്രീ ശബ്ദ വായനകൾ റേഡിയോയിൽ കേൾക്കാം. അത് എഴുതിയ എഴത്തുകാർ ആ കഥയെങ്ങാനും കേൾക്കാൻ ഇടയായാൽ വഴുതക്കാട് പമ്പിൽ നിന്ന് രണ്ട് ലിറ്റർ പെട്രോളും വാങ്ങിക്കൊണ്ട് ഭക്തി വിലാസത്തിൽ കയറി വന്നേനെ. പിന്നെ ആ തകര സഹോദരിമാരുടെ കഥ കഴിഞ്ഞതു തന്നെ. ഭാഗ്യം! പരേതരുടെ കഥയാണല്ലോ വായിക്കുന്നത്. അനൗൺസറന്മാരുടെ പള്ളക്കടിക്കാൻ ഇവരെയൊക്കെ ആരാണാവോ അഴിച്ചു വിടുന്നത്? അല്ലെങ്കിൽ വേലി തന്നെ വിളവ് തിന്നുന്ന കാലമല്ലേ!പുരുത്തോമന്മാരെപ്പറ്റി എഴുതിയെഴുതി വന്നപ്പോൾ കണ്ടോ ആകാശവാണി മൊത്തം ശത്രുക്കളാകുന്നത്!