കൊച്ചി; വ്യാജ പുരാവസ്തുക്കൾ കാണിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകീട്ടോടെയാണ് മോൻസണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത്.
മോൻണിസന്റെ ബാങ്ക് ഇടപാടുകൾ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കൾക്ക് എങ്ങിനെ ഇയാൾ രേഖകൾ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതൽ പേരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
മോൻസൺ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പാലാ മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരൻ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.