ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള നവ്ജ്യോത് സിങ് സിദ്ദുവിന്റെ അപ്രതീക്ഷിത രാജിയ്ക്ക് പിന്നാലെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ‘ഞാന്‍ നിങ്ങളോട് നേരത്തെ പറഞ്ഞു, സ്ഥിരതയുള്ള ആളല്ല ഇയാള്‍. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് ചേരുന്ന ആളുമല്ല’ എന്ന് അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തി, അമരീന്ദര്‍ സിങ് ഡല്‍ഹിയ്ക്ക് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു സിദ്ദുവിന്റെ അപ്രതീക്ഷിത രാജി. അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പിന്നിൽ കളിച്ചത് സിധുവിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണെന്ന് നേരത്തെ അമരീന്ദർ വിഭാഗം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാരാണ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്.
72 ദിവസം മാത്രമാണ് പിസിസി പ്രസിഡന്റ് സ്ഥാനത്ത് സിദ്ദു തുടര്‍ന്നത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം അധികാരകേന്ദ്രം സിദ്ദു മാത്രമാകുന്നുവെന്ന അസംതൃപ്തി പഞ്ചാബ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ്സിദ്ദുവിന്റെ രാജിയെന്നും വിലയിരുത്തലുണ്ട്.
നിലവിലെ മന്ത്രിസഭ പുനഃസംഘടനയില്‍ ഹൈക്കമാന്റ് പൂര്‍ണമായി പിന്തുണച്ചത് സിദ്ദുവിനെയായിരുന്നു. ഇതില്‍ അമരീന്ദര്‍ വിഭാഗം പൂര്‍ണ അതൃപ്തി അറിയിച്ചിരുന്നു.അമരീന്ദര്‍ സിങ് അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയും സന്ദര്‍ശിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുന്‍പായി സിദ്ദുവിനെതിരെ രൂക്ഷമായ പ്രതികരണവും അമരീന്ദര്‍ നടത്തിയിരുന്നു. സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.
നവ്ജ്യോത് സിങ് സിദ്ദു ആം ആദ്മിയിലേക്കും അമരീന്ദര്‍ സിങ് ബിജെപിയിലേക്കും പോയേക്കുമെന്നാണ് സൂചന. എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍, നാളെ പഞ്ചാബിലെത്തുമെന്നും സിദ്ദുവുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.