രാജ്യത്തെ ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ദിവസങ്ങളാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ഡീസലിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. ഇരട്ട പ്രഹരമായി ഇന്ന് പെട്രോള്‍ വിലയിലും വര്‍ദ്ധനവ് ഉണ്ടായി. രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഇന്ധനവിലക്കയറ്റം ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 80 ഡോളറിലെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ 10 ഡോളര്‍ വിലയാണ് ഉയര്‍ന്നിരിക്കുന്നത്. 2018 ഒക്ടോബറിന് ശേഷം ക്രൂഡ് ഓയില്‍ വില 80 ല്‍ എത്തുന്നത് ഇത് ആദ്യമായാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരും. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങളുടെ ആഘാതത്തില്‍ നിന്നും ജനങ്ങള്‍ കരകയറും മുന്നേയാണ്, സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി ഇന്ധന വിലക്കയറ്റവും ഉണ്ടാകുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് വന്നിരുന്നെങ്കിലും വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിച്ചിരുന്നില്ല. പെട്രോളിന് നൂറിനു മുകളിലാണ് പല സംസ്ഥാനങ്ങളിലും വില. ഡീസല്‍ വിലയും ഉടന്‍ തന്നെ നൂറിലെത്തുമെന്നാണ് സൂചനകള്‍.
പെട്രോള്‍ വില 72 ദിവസങ്ങള്‍ക്കു ശേഷം ഇന്ന് കൂട്ടി. പെട്രോള്‍ വില 21 പൈസയും ഡീസല്‍ വില ലിറ്ററിന് 26 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ജൂലൈ 17നാണ് അവസാനമായി പെട്രോള്‍ വില കൂട്ടിയത്. കഴിഞ്ഞ 5 ദിവസത്തിന് ഇടയില്‍ ഡീസല്‍ വില നാലു തവണ വര്‍ദ്ധിപ്പിച്ചു. 5 ദിവസം കൊണ്ട് ഡീസലിന് 1.01 രൂപ വര്‍ദ്ധിച്ചു.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ദ്ധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നേരത്തേ, പാചകവാതക വിലയും ഇടയ്ക്കിടെ വര്‍ദ്ധിപ്പിച്ചിരുന്നു.