കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കലിനെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പ്രസ്താവിക്കും.
രാവിലെ കോടതിയിലെത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മോന്സന് മാവുങ്കലിനെ പോലീസ് വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മോന്‍സനെതിരെ പരാതി നല്‍കിയവരുടെ മൊബൈല്‍ ഫോണുകള്‍ പൊലിസ് ചോര്‍ത്തി നല്കി. ഇക്കാര്യം ഐജി ലക്ഷ്മണിനോട് മോന്സന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തൃശൂരിലെ ചിട്ടികമ്പനി നടത്തിപ്പുകാരനായ ജോര്‍ജില്‍ നിന്ന് വാങ്ങിയ നാലുകോടി രൂപ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് എത്തിക്കാന്‍ ഐജി ലക്ഷ്മണിന്റെ സഹായം തേടുകയാണ് മോന്സന്. അപ്പോഴാണ് ജീവനക്കാരെ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ ചോരുന്നുണ്ടെന്നും ഐജി, മോന്‍സനെ ഉപദേശിക്കുന്നത്. പോലീസിനും സിബിഐ പോലുള്ള അന്വേഷണ സംഘങ്ങള്‍ക്കും കേസന്വേഷണത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രം ലഭിക്കാവുന്ന ഫോണ്‍ കോള്‍ രേഖകളും മോന്സന് സംഘടിപ്പിച്ചത് ഉന്നത പോലീസ് ബന്ധം ഉപയോഗിച്ചാണ്.