ഒളിമ്പ്യൻ താരം ശ്രീജേഷ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് ജോയിൻ ഡയറക്ടറായി ചുമതലയേറ്റു. പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ഒളിമ്പ്യൻ പി ആർ ശ്രീജേഷ് പറഞ്ഞു. കൂടുതൽ താരങ്ങളെ കേരളത്തിൽ നിന്നും ഒളിമ്പിക്സിൽ എത്തിക്കാൻ ശ്രമിക്കുമെന്നും, പരിശീലനത്തിനായി സ്കൂളുകളിൽ ടറഫുകൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിമ്പിക്സിലെ മിന്നും നേട്ടത്തിന് ശേഷം അദ്ദേഹത്തിന്റെ തസ്തികയിൽ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി സ്പോർട്സ് ഓർഗനൈസർ തസ്തികയിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹത്തിന്റെ തസ്തിക ജോയിന്റ് ഡയറക്ടർ ആയി ഉയർത്തി ആണ് സർക്കാർ ശ്രീജേഷിനെ സ്വീകരിച്ചത്.
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.മുഖ്യമന്ത്രിയെ കണ്ടശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്വീകരണ ചടങ്ങിൽ പി ആർ ശ്രീജേഷ് പങ്കെടുത്തു. മന്ത്രി വി ശിവൻകുട്ടി യുടെ നേതൃത്വത്തിൽ ശ്രീജേഷിനെ ആദരിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ എന്നിവർക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.