കൊച്ചി: ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കിയ സംസ്ഥാന സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈകോടതി. 1960ലെ കേരള ഗെയിമിങ് ആക്ടിൽ ഭേദഗതി വരുത്തി ഫെബ്രുവരി 23ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജസ്റ്റിസ് ടി.ആർ. രവി റദ്ദാക്കിയത്. പന്തയസ്വഭാവത്തിലുള്ള ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ചായിരുന്നു 1960 ലെ ഭേദഗതി. ഓൺലൈൻ റമ്മി ചൂതാട്ടത്തിൻ്റെ പരിധിയിൽ വരില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഡൽഹി ആസ്ഥാനമായ ഹെഡ് ഡിജിറ്റൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.
പുതിയ വിജ്ഞാപനം കൊണ്ടുവന്നതിലൂടെയാണ് ഓൺലൈൻ റമ്മിയെ ചൂതാട്ടത്തിൻ്റെ പരിധിയിൽ സർക്കാർ കൊണ്ടുവന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. കുട്ടികളും ഇത് കളിക്കുന്നുവെന്നത് രക്ഷിതാക്കളെ അലട്ടുന്ന വിഷയത്തിനപ്പുറം നിയമപരമായ ഒന്നല്ല. ഓൺലൈൻ റമ്മി ഭാഗ്യത്തിൻ്റെ അടിസ്ഥാനത്തിലുള്ളതല്ല. കഴിവാണ് കളിയിൽ പ്രകടമാകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓൺലൈൻ റമ്മി ആസക്തിക്ക് കാരണമാകുമെന്നായിരുന്നു സർക്കാറിൻ്റെ വാദം. കളി പന്തയത്തിൻ്റെ അടിസ്ഥാനത്തിലാകുബോൾ ഓൺലൈൻ റമ്മി കേരള ഗെയിമിങ് ആക്ടിൻ്റെ പരിധിയിൽ വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ നടത്തുന്ന ലോട്ടറിപോലും ആസക്തിക്ക് കാരണമാണെന്ന് ഹർജിക്കാരും വാദിച്ചു.