ന്യൂഡൽഹി: സിപിഐ നേതാവും ഡൽഹി ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറും ഗുജറാത്തിലെ എംഎൽഎയും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് നേതാവുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസിൽ ചേരും.
ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനമായ നാളെ വൈകുന്നേരം മൂന്നിന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.
സിപിഐയുടെ ഉന്നതാധികാര സമിതിയായ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗവും ബിഹാറിലെ സിപിഐയുടെ സ്ഥാനാർഥിയുമായ കനയ്യ കുമാറിന്റെ പാർട്ടി മാറ്റം സിപിഐക്കു തിരിച്ചടിയാകും. കനയ്യ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടം സാധ്യമാകുമെന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കിയിരുന്നു.
ജോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുഷ്മിത ദേവ് തുടങ്ങിയവർ പാർട്ടി വിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണു കനയ്യയെയും ജിഗ്നേഷിനെയും കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്.
കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായാണ് ചര്‍ച്ച നടത്തിയത്. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തില്‍ ഗുണമാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
















