തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കിലിനെതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ട് പുറത്ത്. 2020ലെ റിപ്പോർട്ട് പകർപ്പ് അടക്കമാണ് പുറത്തായത്. മോൺസണിന്റെ സാമ്പത്തിക ഇടപാടുകളിൽ അടക്കം ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ, ഉദ്യോഗതലങ്ങളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമാമേഖലയിൽ ഉള്ളവരുമായി അടുപ്പമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ട്. ഉന്നതരായ ഒട്ടേറെ പേരുമായി ഇയാള്‍ ബന്ധംപുലര്ത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്പനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്തടക്കം ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മോന്‍സണിന്റെ പിതാവ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മോന്‍സണിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നുമടക്കം റിപ്പോര്‍ട്ടിലുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി എന്‍ഫോഴ്സമെന്റിനോട് അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയതും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പോലീസോ ഇഡിയോ ഇത് സംബന്ധിച്ച് ഏതെങ്കിലും അന്വേഷണം നടത്തിയതായി വ്യക്തതയില്ല.
അതേസമയം മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു.