തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. നേതൃത്വം തിരുത്തണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന് പറഞ്ഞു. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്.
വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷിച്ച പോലെ നന്നായില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. കോൺഗ്രസിൻറെ നൻമയ്ക്ക് ഉപകരിക്കാത്ത രീതി തുടരുന്നതിനാലാണ് താൻ പ്രതികരിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല. കോണ്‍ഗ്രസ് ദുര്‍ബലപ്പെടരുത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഹൈക്കമാന്‍ഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും സുധീരന് പറഞ്ഞു.
തന്റെ നിലപാടിൽ മാറ്റമില്ലെന്നും തുടർ നടപടി എങ്ങനെയാകുമെന്നും താൻ പറഞ്ഞ രീതിയിൽ പരിഹാരമുണ്ടാകുമോ എന്നും ഉറ്റ് നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. വി എം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.