അരക്കവികളും മുക്കാൽ കവികളും ചേർന്ന് കവി രാമായണത്തിന്റെ തുടർച്ച എഴുതാനുള്ള പുറപ്പാടിലാണിപ്പോൾ. എസ്.ജോസഫിന്റെ നേതൃത്വത്തിലുള്ള ദളിത് കീഴാള കവികളുടെ കവിരാമായണം ഇപ്പോൾ ജമായത്തെ ഇസ്ലാമി മാധ്യമത്തിന്റെ നേതൃത്വത്തിൽ എഴുതാൻ തുടങ്ങിയിട്ട് കാലം കുറെയായി. കവി ഭാരതം എഴുതാതെ എഴുതാൻ പ്രഭാവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സ്ഥാനം എന്നേ ഏറ്റെടുത്തു കഴിഞ്ഞു.
മാധ്യമം വാരികയുടെ പുതിയ ലക്കം കണ്ടപ്പോൾ ഇതെഴുതാതിരിക്കാൻ വയ്യെന്നായി. സാഹിത്യത്തിൽ ബോധപൂർവ്വം ഒരു വർണ്ണവിവേചനം സൃഷ്ടിച്ച് മാധ്യമം കീഴാള കവികളുടെ കൃഷ്ണനായി സച്ചിദാനന്ദനെയും പടനയിക്കാൻ മുന്നിൽ നിർത്തുന്നുണ്ട്.
നമുക്ക് ആ കവിരാമായണ കാലത്തേക്ക് പോകാം.
കുമാരനാശാൻ അന്ന് പിഞ്ചാണ്. ഈഴവ സമുദായത്തിന് പുകൾപെറ്റ രണ്ടേ രണ്ട് കവികളേ അന്നുള്ളൂ. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനല്ലി കൃഷ്ണൻ വൈദ്യൻ… വെളുത്തേരി പ്രതിഭയുള്ള പണ്ഡിതനും പെരുനല്ലി പാണ്ഡിത്യമുള്ള കവിയും. വെളുത്തേരി ഗുസ്തിക്കാരനാണ്. സാഹിത്യത്തിലും അഭ്യാസി. വിശാഖം തിരുനാളിൽ നിന്ന് വീരശൃംഖല വരെ വാങ്ങിയിട്ടുണ്ട്. പെരുനല്ലി ആള് മോശമോ. പ്രസാദാത്മകമായ കാവ്യശൈലി കത്തിച്ച് പൂത്തിരിപോലെ കയ്യിൽ പിടിച്ചവൻ. വെണ്മണി മഹനോട് കട്ടയ്ക്ക് നിൽക്കും.. സാക്ഷി ഉള്ളൂരാണ്. സാഹിത്യ ചരിത്രത്തിൽ പുകഴ്ത്തുന്നുണ്ട്. ഈ രണ്ട് കവികളും ഈഴവസമുദായത്തിന്റെ അഭിമാനമായിരുന്നു. കച്ചവടത്തിലും ഊട്ടിയറപ്പന്മാർ.
സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്. ദ്രുതകവനത്തിൽ പേരെടുത്ത യുവകവി കുഞ്ഞുകുട്ടൻ തമ്പുരാൻ 1887 ൽ “കവി ഭാരതം ” രചിക്കുന്നു. കേരളീയ കവികളെ ഭാരത കഥയിൽ മുക്കി അങ്ങ് വിരിച്ചു. കൗരവപക്ഷവും പാണ്ഡവ പക്ഷവുമായി കവികളെ നിരത്തി. പാണ്ഡവ ഖണ്ഡത്തിൽ 38 കവികൾ. കൗരവ ഖണ്ഡത്തിൽ 18 കവികളും. അതിൽ വെൺമണി അച്ഛൻ നമ്പൂതിരിയെ ഹനുമാനായും മഹൻ നമ്പൂതിരിയെ ദ്രോണ നായും നടുവത്തച്ഛൻ നമ്പൂതിരിയെ കൃപനായും കൊച്ചുണ്ണിത്തമ്പുരാനെ അർജുനനായും വലിയ കോയിത്തമ്പുരാനെ ഭീമസേനനായും..
കവിഭാരതത്തിൽ സവർണ്ണ കവികളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളെന്നും ഈഴവ കവികളെക്കൂടി ഉൾപ്പെടുത്തി കൃതി പരിഷ്ക്കരിക്കണമെന്നും മൂലൂർ പത്മനാഭപ്പണിക്കർ ആവശ്യപ്പെടുകയുണ്ടായി. പെരു നല്ലി, വെളുത്തേരി, കെ.സി.കേശവപിള്ള എന്നിവരെ തമ്പുരാൻ മറന്നതാണോ. കൗരവപക്ഷത്തിൽ കൃതവമ്മാവിന്റെ സ്ഥാനം കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്വീകരിച്ചു. കവിതാ വ്യവസായം മേൽജാതിയുടെ പൈതൃകമാണോ എന്ന ചോദ്യം ഉയർന്നു. പച്ചക്കു പറഞ്ഞാൽ നിന്റെ തന്തയുടെ വക യോന്ന് ചോദിച്ചു തുടങ്ങി. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയും അതിനെ പിൻ താങ്ങി. ഈഴവ സമുദായത്തിൽപ്പെട്ട കവികളിൽ പലരേയും ചേർക്കണമെന്ന് ” കേരള മിത്ര “വും. അങ്ങനെ വല്ലവരും പറഞ്ഞാൽ അതനുസരിച്ച് കവിത മാറ്റി എഴുതാൻ ഞങ്ങളുടെ പട്ടി എവിടെ ? എന്ന് തമ്പുരാക്കന്മാരും. കൃതി പുനപ്രസിദ്ധീകരിച്ചപ്പോൾ കണ്ട ഭാവം നടിച്ചില്ല.
ഉടനെ കച്ചകെട്ടി ഇറങ്ങിയ മൂലൂർ എസ്. പത്മനാഭപ്പണിക്കർ പോയി കച്ചയഴിച്ചു വച്ച് കുത്തിയിരുന്നെഴുതിയതാണ്, “കവിരാമായണം “. 1897 ലാണത് പുറത്തുവന്നത്. പിന്നീട് പരിഷ്ക്കരിച്ച പതിപ്പ് 1907 ൽ പുറത്തു വന്നു. 109 പദ്യങ്ങൾ . കേരള വർമ്മ വലിയകോയിത്തമ്പുരാനിൽ തുടങ്ങി 113 കവികൾ ഇതിൽ അണിനിരക്കുന്നുണ്ട്. യാഥാസ്ഥിതികരുടെ പള്ളയ്ക്ക് കുത്തുന്ന ഒരു കാവ്യം. പെരുനല്ലിയെ ഹനുമാനും കേശവൻ വൈദ്യരെ ബാലിയുമാക്കി ചമച്ച കാവ്യം.. സവർണ്ണ കവികൾ ചന്ദ്രഹാസമിളക്കി. പെരുനല്ലിയെ പിടിച്ച് ഹനുമാനാക്കിയതിൽ ആക്ഷേപമുന്നയിച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാനും നടുവത്ത് മഹനും മൂലൂരിനോട് ഏറ്റുമുട്ടി. ശ്ലോകത്തിലാണ് ഏറ്റുമുട്ടൽ. ഒരു കവിതയും രചിക്കാത്ത കുംഭകോണം കൃഷ്ണശാസ്ത്രിക്ക് കവിഭാരതത്തിൽ പ്രവേശനം നൽകിയതിനെ ആക്ഷേപിച്ചു കൊണ്ട് മൂലൂരും തിരിച്ചടിച്ചു. തന്റെ വാദമുഖങ്ങളിൽ ലവന്മാരെല്ലാം കൂടോടെ വന്ന് കരിതേച്ചപ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രംഗത്ത് നിന്നങ്ങ് വലിഞ്ഞു കളഞ്ഞു.
പ്രശ്നം തീർന്നില്ല. എത്തിയല്ലോ പുതിയ അവതാരങ്ങൾ. നരസിംഹം, ഹനുമാൻ, ജമദഗ്നി, ഭദ്രകാളി, എന്നീ അപരനാമങ്ങളിൽ സി.പി.ഗോവിന്ദപ്പിള്ള, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, ഉളളൂർ, കെ.രാമകൃഷ്ണപിള്ള എന്നിവർ!
മൂലൂർ ഒറ്റക്ക് നിന്ന് അവരോടൊക്കെ നാക്കിട്ട് പടവെട്ടി. നമ്മുടെ എസ്.ജോസഫിന്റെ അപ്പൂപ്പൻ കവിയാണോ മൂലൂർ എന്ന് തോന്നിപ്പോകും. അന്ന് അവർക്കൊക്കെ പ്രായം ഇരു പത് നടപ്പാണ്. കവിഭാരതം പ്രസിദ്ധപ്പെടുത്തുമ്പോൾ തമ്പുരാന് പ്രായം 22
പെരു നല്ലിക്ക് 23 വയസ്സ് . വെളത്തേരിക്ക് വയസ്സ് 28.
ഒടുവിൽ രംഗം വഷളാകുമെന്നു കണ്ടപ്പോൾ സാക്ഷാൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെ പ്രത്യക്ഷനായി. സമരം അവസാനിപ്പിക്കാൻ മൂലൂരും സന്നദ്ധനായി. രണ്ടു പേരും കൈ കൊടുത്ത് കെട്ടിപ്പിടിച്ച് തോളിൽ കൈയ്യിട്ടു ജാളിയായി ഒരു പോക്കങ്ങ് പോയി. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയും ഹാപ്പിയായി. മനോരമക്കും ഭാഷാപോഷിണി ക്കും സർക്കുലേഷനും കൂടി.
ഇതൊക്കെ നടന്നിട്ട് നൂറ്റിമുപ്പത്തിമൂന്ന് വർഷമേ ആയിട്ടുള്ളൂ. ചരിത്രം ആവർത്തിക്കുകയാണോ ?
അന്ന് ഇരുപത് കാര് തമ്മിലുള്ള കശപിശയാണെങ്കിൽ ഇന്ന് അമ്പത് കാരുടെ കോലാഹലമാണിപ്പോൾ.
പി.രാമനും എസ്.ജോസഫും അക്ഷൗഹിണികൾ ഒരുക്കുകയാണ്. രണ്ടിനേയും തട്ടാൻ കുരീപ്പുഴയെ മുന്നിൽ നിർത്തി കെ.സജീവ് കുമാറും രംഗത്തുണ്ട്. പ്രഭാവർമ്മയും സച്ചിദാനന്ദനും ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ പ്രാണൻ പകുത്തു നൽകി കളി കാണാൻനിൽപ്പുണ്ട്.
ഇനി ചേരികളിലാരൊക്കെ എന്ന് നോക്കാം
“കവിരാമായണ”ചേരിയിൽ കെ.സി. നാരായണന്റെ അനുഗ്രഹാശംസയോടെ
പി.രാമനെ മുൻനിർത്തി
പി.പി.രാമചന്ദ്രൻ,
മോഹന കൃഷ്ണൻ കാലടി,
ആലങ്കോട് ലീലാകൃഷ്ണൻ
മനോജ് കുറൂർ
വി ആർ സന്തോഷ്
വി.എം.ഗിരിജ ,അനിതാ തമ്പി ,ലോപ ,
പവിത്രൻതീക്കുനി,
സാവിത്രിരാജീവൻ, എം.ചന്ദ്രശേഖരൻ ,ഗിരീഷ് പുലിയൂർ, വിനോദ് വൈശാഖി, എൻ.എസ്.സുമേഷ് കൃഷ്ണൻ
വിജയലക്ഷ്മി, ബിന്ദു കൃഷ്ണൻ, ആര്യാ ഗോപി, സൂര്യാ ഗോപി
അമ്മുദീപ, ആര്യാംബിക
ഇന്ദിര അശോക്,
ഷീജവക്കം, സിന്ധു കെ.വി
ശിവകുമാർ അമ്പലപ്പുഴ
ശ്രീകുമാർ മുത്തല, ശ്യാം സുധാകർ, രാജൻ കൈലാസ്, രാജുവള്ളികുന്നം,
ശാന്തി ജയകുമാർ,
ധന്യ വേങ്ങച്ചേരി
സുധീഷ് കോട്ടേമ്പ്രം
ആശാലത
സന്ധ്യ.ഇ
ശ്രീജിത് പെരുന്തച്ചൻ
ടി.കെ.മുരളീധരൻ ,
ശ്രീദേവി എസ്. കർത്ത , വി.വിനയകുമാർ , സി.എസ്.ജയചന്ദ്രൻ, പ്രീത ശശിധരൻ , കളത്തറ ഗോപൻ, ജോയ് തമലം., സാബു ഷൺമുഖം, തുഷാര കാർത്തികേയൻ(ലിസ്റ്റ് അപൂർണ്ണം… 65 വയസ്സിനുമേലുള്ളവരെ ഉൾപ്പെടുത്തിയിട്ടില്ല. )
“കവിഭാരത “ചേരിയിൽ എസ്.ജോസഫിന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ, എം.ആർ.രേണുകുമാർ, എം.ബി.മനോജ്, റഫീക്, അഹമ്മദ്, എസ്.കലേഷ്, അൻവർ അലി, വീരാൻ കുട്ടി, അസീം താന്നിമൂട് , പി.എ. നിസാമുദ്ദീൻ, ബിജോയ് ചന്ദ്രൻ എം.എസ്.ബനേഷ് , ശൈലൻ, ബിനു എം. പള്ളിപ്പാട്ട്, ഡി. യേശുദാസ്, ഭാസി അരങ്കത്ത് , അംബി ദാസ് കാരേറ്റ്, വിജില ബി.ഷിഹാബ്, അഹമ്മദ് ഖാൻ , ഷീലാ ലാൽ, അൻസാർ വർണ്ണന, ബാലു പുളി നെല്ലി, ധന്യ പെങ്ങേരി, ബിനോയ് പി.ജെ, രാജീവ് കണ്ണാടിപ്പറമ്പ്, എ.കെ.വാസു, കെ.പി. സുരേഷ് കുമാർ , ശിവദാസ് പുറമേരി, സി.എസ്.രാജേഷ്, അജിത് എം. പച്ചനാടൻ, ബി. ഷിഹാബ്, അഷ്റഫ് ഡി. റാസി, രാജുക്കുട്ടൻ പി.ജി. ധന്യ എം.ടി. , ജെനി ആൻഡ്രൂസ്, തിക്കാടൻ,, എം.സങ്, കൊന്ന മൂട് വിജു,ബൈജു വർഗ്ഗീസ്, അനീസ ഇക്ബാൽ, അമൃത കേളകം …. (ലിസ്റ്റ് അപൂർണ്ണം)
ഇവരെയൊക്കെ വളർത്തിയത് സച്ചിദാനന്ദനാണ്. ആധുനികത വെള്ളി കീറിയപ്പോൾ പൊങ്ങി വന്ന സൂര്യൻ! തന്റെ വംശാവലിയുടെ അടുത്ത അവതാരങ്ങളായി ദളിത് കവിതയിൽ അവരോധിച്ചതു് എസ്.ജോസഫിനെയാണ്. മറ്റേതിൽ പി.പി. രാമചന്ദനേയും. ഇപ്പോൾ രണ്ടു പക്ഷത്തു നിന്നും സച്ചിദാനന്ദനെ തിരിഞ്ഞു കൊത്തുകയാണ് കവികൾ. ദളിതന്റെ മുതുകത്ത് അവശ കൃസ്ത്യാനി എഴുതി ഉദ്ധരിക്കാൻ വരണ്ടെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ജോസഫ് എന്ത് ചെയ്യും. എല്ലാം ഇട്ടെറിഞ്ഞിട്ട് പോവുക തന്നെ! വൃത്തത്തിലേക്ക് മടങ്ങുക തന്നെ. ലവന്മാരവിടെ കൂട്ടുമോ?
ഇത്തരുണത്തിലാണ് പടനയിക്കാനുള്ള മാധ്യമത്തിന്റെ പുറപ്പാട് ! കടൽക്കവിതയുടേയും ഗോത്ര കവിത യുടേയും അപ്പോസ്തലനായി പി.രാമൻ ഓടി നടന്ന് ഡി. അനിൽ കുമാറിനേയും അശോകൻ മറയൂരിനേയും സുകുമാരൻ ചാലി ഗദ്ദയേയും പ്രതിഷ്ഠിച്ചു കഴിഞ്ഞു. പാവം വിവർത്തനം ചെയ്ത് കയറ്റി അയക്കാനാവാതെ കുറ്റിയിൽ കിടന്ന് കറങ്ങി കൊങ്ങ ഇറുകി ച്ചാകാനാവും അത്തരം കവിതകളുടെ ഗതി. ബുദ്ധിയുള്ളവൻ കയറ്റുമതിക്കിണങ്ങുന്ന മാനകഭാഷയിലെഴുതി മറ്റവനെ കുഴിയിലാക്കുന്നു. അത് കഥ വേറെ.
മാധ്യമം കളി തുടങ്ങിക്കഴിഞ്ഞു. കടൽക്കവിതയെന്നും കാട് കവിതയെന്നും ഗോത്ര കവിതയെന്നും പെൺ കവിതയെന്നും മൂന്നാംലിംഗ കവിതയെന്നും ബറ്റാലിയനുകളുണ്ടാക്കി സവർണ്ണാധിപത്യത്തിനെതിരെ പരിചയും വാളും മുതൽ എ.കെ. 47 വരെ കൊടുത്ത് “മാധ്യമ “ത്തിന്റെ താളുകളിൽ പടയ്ക്കിറക്കിയിട്ടുണ്ട്. കുറുക്കന് നക്കാൻ ചോര മാത്രം മതിയല്ലോ!
ഇവരെയൊക്കെ വളർത്തിയത് സച്ചിദാനന്ദനും കൂട്ടരുമാണ്. ഇന്ദിരാ ഗാന്ധി സിക്കുകാരേയും അമേരിക്ക താലിബനേയും വളർത്തിയതു പോലെ ഒടുവിൽ തിരിഞ്ഞ് പള്ളയ്ക്ക് കത്തി ഇറക്കുമെന്ന് സച്ചിദാനന്ദൻ കരുതിയും കാണില്ല.
ആധുനികത വെള്ളി കീറിയപ്പോൾ കയറിപ്പറ്റിയ കവികൾ അവരുടെ വംശാവലിയുടെ അടുത്ത അവതാരങ്ങളായി ദളിത് കീഴാള കവിതയിൽ അവരോധിച്ചതു് എസ്.ജോസഫിനെയാണ്. മറ്റേതിൽ പി.പി. രാമചന്ദനേയും. ഇപ്പോൾ രണ്ടു പക്ഷത്തു നിന്നും സച്ചിദാനന്ദനെ തിരിഞ്ഞു കൊത്തുകയാണ്. സ്വത്വാന്വേഷണത്തിലേക്ക് തലയിൽ മുണ്ടിട്ട് കവിത കയറിപ്പോകുന്നു.
ഇനി വായനക്കാർക്കായി ഒരു പ്രശ്നോത്തരി . പുതിയ കാലത്ത് ജീവിച്ചിരിക്കുന്ന കവികൾക്ക് ഇണങ്ങുന്ന പുരാണ ഇതിഹാസ കഥാപാത്രങ്ങൾ ആരൊക്കെ എന്ന് പറയുക. ബൈബിളും ആകാം.
ഖുറാൻ വിട്ടു പിടിക്കുക!