മലപ്പുറം: ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്റെ മകൾ ആയിശ (ഒരു മാസം) ആണ് മരിച്ചത്.
കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം.
ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുഴൽ കിണർ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.