ഉജ്ജ്വലവും അനിതരസാധാരണവുമായ അഭിനയ മികവിലൂടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന് അഭിനയത്തിളക്കത്തിൻ്റെ അഞ്ചു പതിറ്റാണ്ടു പൂർത്തിയാക്കിയ മലയാള സിനിമയുടെ രാജമാണിക്യം പത്മശ്രീ ഭരത് മമ്മൂട്ടിയെ രാമവർമ്മ ഫൗണ്ടേഷൻ ഫോർ ആർട്ട് ആൻഡ് കൾച്ചർ ചെയർമാൻ ശ്രീ രാമവർമ്മ തമ്പുരാൻ ഉപഹാരവും ആശംസാപത്രികയും നൽകി ആദരിക്കുകയും സപ്തതി ആശംസകൾ നേരുകയും ചെയ്തു.
വിശ്വവിഖ്യാത ചിത്രകാരനായ രാജാ രവിവർമ്മയുടെ ജന്മം കൊണ്ടു ധന്യമായ കിളിമാനൂർ കൊട്ടാരത്തിലെ ഇളമുറ ത്തമ്പുരാനും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ശ്രീ രാമവർമ്മത്തമ്പുരാൻ, രവിവർമ്മയുടെ പ്രസിദ്ധമായ ‘കാദംബരി’ എന്ന ക്യാൻവാസ് ചിത്രവും ആശംസാപത്രികയും തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസസ്സ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി രചിച്ച ‘ഹിസ്റ്ററി ലിബറേറ്റഡ്’ എന്ന ഗ്രന്ഥത്തിൻ്റെയും മാർക്ക്സ് പ്രൊഡക്ഷൻസിലെ ശ്രീ വി. കെ. കൃഷ്ണ കുമാറിൻ്റെ ബാലസാഹിത്യകൃതി മൃഗറോണയുടെയും പ്രതികളും മമ്മൂട്ടിക്കു സമ്മാനിച്ചു. മമ്മൂട്ടിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായ ഭിനയിക്കുന്ന ‘പുഴു ‘വിൻ്റെ കാക്കനാട്ടുള്ള ലൊക്കേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
നായിക പാർവ്വതി തിരുവോത്തിനും പ്രിൻസസ്സ് അശ്വതി തിരുനാളിൻ്റെ ഗ്രന്ഥം സമ്മാനിക്കുകയുണ്ടായി. മമ്മൂട്ടിയുടെ മാനേജർ എസ്.ജോർജ്, ‘പുഴു’വിൻ്റെ സംവിധായിക റത്തീന ഷർഷാദ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ശ്യാം മോഹൻ, ക്യാമറാമാൻ തേനി ഈശ്വർ, സംവിധായകരായ സജി കെ. പിള്ള,ദിനേഷ് നീലകണ്ഠൻ,ഛായാഗ്രാഹകൻ രതീഷ് മംഗലത്ത്, നടൻ ബിജു വർഗീസ് ചേർത്തല എന്നിവരും ‘പുഴു’ സിനിമയുടെ അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു.