തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചികില്‍സിച്ചതായി പരാതിക്കാര്‍. കോസ്മെറ്റോളജിസ്റ്റ് എന്നു പറഞ്ഞായിരുന്നു മോന്‍സന്റെ ചികില്‍സ. പത്തുദിവസം സുധാകരന് മോന്‍സന്റെ വീട്ടില്‍ താമസിച്ചു. ഡല്‍ഹിയിലെ തടസങ്ങള്‍ സുധാകരന് ഒഴിവാക്കിയെന്ന് മോന്സന് പറഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു.
സുധാകരന്റെ സാന്നിധ്യത്തിലാണ് 2018 നവംബറില്‍ 25 ലക്ഷം രൂപ കൈമാറിയത് എന്ന് പരാതിക്കാര്‍ ആരോപിച്ചു. ഫെമ പ്രകാരം തടഞ്ഞുവച്ച പണം കിട്ടാനാണ് ഇടപെട്ടത്. എന്നാൽ പരാതിയില്‍ പൊരുത്തക്കേടുണ്ട്, സുധാകരന് എംപി ആയത് 2019ലാണ് എന്നും പരാതിക്കാർ പറഞ്ഞു.
അതിനിടെ മോൻസന്റെ പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതരുമായുള്ള ബന്ധം ഇതിനോടകം പുറത്തുവന്നു. മോന്സന് മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ്.സുരേന്ദ്രനും പങ്കുണ്ടെന്ന് പരാതി ഉയർന്നു. 25 ലക്ഷം രൂപ മോന്സന് നല്‍കിയത് സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാരിലൊരാളായ യാക്കൂബ് ആരോപിച്ചു. തന്റെ ചില സംശയങ്ങള്‍ മോന്സന് തീര്‍ത്തത് സുരേന്ദ്രനെ കൊണ്ട് സംസാരിപ്പിച്ചാണെന്ന് യാക്കൂബ് പരാതിയില്‍ പറയുന്നു.
മോന്സന് മാവുങ്കലിനെതിരായ കേസന്വേഷണം അട്ടിമറിച്ചത് ഐജിയാണ്. ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണം സിഐയ്ക്കു മാറ്റി നല്കി. ഉത്തരവിറക്കിയത് സോഷ്യല്‍ പോലീസിന്റെ ചുമതലയുള്ള ജി ലക്ഷ്മൺ ആണ്. മാവുങ്കലിന് എസ്പിക്കെതിെര പരാതിയുണ്ടെന്ന് കാണിച്ച് അന്വേഷണം സിഐയ്ക്കു കൈമാറി. ഇതേത്തുടര്‍ന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിയെ സമീപിച്ചതും ക്രൈംബ്രാഞ്ച് അന്വേഷിച്ചതും. ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം തുടങ്ങാമെന്നും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞാണ് അറസ്റ്റിലായ മോന്സന് മാവുങ്കല്‍ തട്ടിപ്പ് നടത്തിയതെന്നാണ് ഇരകളുടെ പരാതി.