തൃശൂർ: സുധീരന്റെ രാജി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. സുധീരൻ പൊതുസമൂഹത്തിന്റെ ശബ്ദമാണെന്നും അദ്ദേഹത്തിന്റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കെപിസിസി നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് പിടികൊടുക്കാതെ തുടരുകയാണ് സുധീരൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീരൻ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീശൻ സുധീരന്റെ വീട്ടിലെത്തിയത്. എന്നാൽ നേതൃത്വത്തോടുള്ള തന്റെ അതൃപ്തി സുധീരൻ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിനോട് അറിയിച്ചു.
സംഘടനാകാര്യങ്ങളില്‍ ചില വീഴ്ചകള്‍ നേതൃത്വത്തിന് സംഭവിച്ചുവെന്നും അവ തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരനുമായുളള കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശന് വ്യക്തമാക്കി. എന്നാല്‍, കൂടിയാലോചനകള്‍ നടക്കാറില്ലെന്ന സുധീരന്റെ നിലപാട് തളളുന്നതായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം.
തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. വി എം സുധീരന്റെ പരാതി പരിഹരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.