തിരുവനന്തപുരം: പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച പി.ചിദംബരത്തെ തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കേരളത്തിലെ കാര്യങ്ങള്‍ ആധികാരികമായി പറയേണ്ടത് കെപിസിസി ആണെന്നും തങ്ങള്‍ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന് പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും ചിദംബരം പറഞ്ഞതിനെ പറ്റി ചിദംബരത്തോട് തന്നെ ചോദിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുധാകരന് പറഞ്ഞു.
ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച് ചിദംബരം രംഗത്തെത്തിയത്. നാർക്കോട്ടിക് ജിഹാദ് പരാമർശം തന്നെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വേദനിപ്പിച്ചതായി ചിദംബരം പറയുന്നു.
വി എം സുധീരന്റെ രാജിക്കാര്യത്തോടും സുധാകരന് പ്രതികരിച്ചു. സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
അതേസമയം, കെപിസിസി നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് പിടികൊടുക്കാതെ തുടരുകയാണ് സുധീരൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീരൻ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.
രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീശൻ സുധീരന്റെ വീട്ടിലെത്തിയത്. എന്നാൽ നേതൃത്വത്തോടുള്ള തന്റെ അതൃപ്തി സുധീരൻ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവിനോട് അറിയിച്ചു.
രാജിയിൽനിന്നും സുധീരൻ പിന്മാറില്ലെന്ന സൂചനയാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സതീശൻ മാധ്യമങ്ങളോട് പങ്കുവച്ചത്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നയാളാണ് സുധീരൻ. രാജി പിൻവലിപ്പിക്കാൻ താൻ ആളല്ലെന്ന് സതീശൻ പറഞ്ഞു. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. തന്റെ പിഴവുകൾക്ക് ക്ഷമചോദിച്ചെന്നും സതീശൻ പറഞ്ഞു.