പ്രമുഖ പത്രാധിപർ കണ്ണൻ ജനാർദ്ദനനെ കുറിച്ച് എം.രാജീവ് കുമാർ എഴുതുന്ന പംക്തി
“നിങ്ങൾ കേട്ടിട്ടുണ്ടാ ഈ പത്രാധിപരെ ;കണ്ണൻ ജനാർദ്ദനനെ?”,എങ്കിൽ കേൾക്കണം.കാതുകൂർപ്പിച്ചു കേൾക്കണം. എഴുത്തുകാരനായ ആ പത്രാധിപരുടെ കഥ.ആ പേരു പോലും മാഞ്ഞു പോയില്ലേ?കുന്നത്തു ജനാർദ്ദനമേനോനാണ്, കണ്ണൻ ജനാർദ്ദനനായി അറിയപ്പെട്ടിരുന്ന പത്രാധിപർ.. അച്ഛന്റെ പേരാണ് കണ്ണൻ മേനോൻ . കുന്നത്തു കുഞ്ഞുവമ്മയാണ് മാതാവ്. രണ്ടു പേരുടേയും നാമം ധരിച്ചു കൊണ്ടാണ് ജനാർദ്ദനൻ തിരുവിതാം കൂറിലും കൊച്ചിയിലും പറന്നതു്. അക്ഷരാർത്ഥത്തിൽ കുറ്റിയും പിഴുതുകൊണ്ടുള്ള ഒരു പോക്കായിരുന്നു .അത് വഴിയേ മനസ്സിലാവും.
1885 ജൂൺ 7 നാണ് ജനാർദ്ദന മേനോൻ ജനിച്ചത്. ഒലവക്കോട് കാവിൽപ്പാട്ടം ദേശത്ത് തേനോഴി വടശ്ശേരിയിൽ.പാലക്കാട് വിക്ടോറിയ കോളേജിനോട് ചേർന്ന ഇംഗ്ലീഷ് സ്കൂളിലായിരുന്നു പഠനം.16-ാം വയസ്സിൽ 6-ാം ഫോറത്തിൽ പഠിക്കുമ്പോൾ പഠനം മുടങ്ങി. ഗാന്ധിജിയുടെ ആഹ്വാനം കേട്ടിട്ടൊന്നുമല്ല അന്ന് ഏത് ഗാന്ധി? അതിന് കാരണം ഒരു ചിരിയാണ്. ചിരിക്കാനുള്ള കാര്യമോർത്താൽ നിങ്ങൾക്കും ചിരി വരും.
അദ്ധ്യാപകൻ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ജനാർദനമേനോൻ ഒരു കത്തു വായിച്ച് പൊട്ടിച്ചിരിച്ചു. അത് കേട്ട് കൂടെയുള്ള കുട്ടികളും ചിരിച്ചു. അതിനെത്തുടർന്ന് ക്ലാസ്സു മുഴുവൻ കൂട്ടച്ചിരിയായി. തലയറഞ്ഞ് ചിരി. ! ചിരിയോ ചിരി ! അദ്ധ്യാപകന് അരിശം വന്നു. ചിരിയെ നുള്ളി ക്ലാസ്സിന് പുറത്തിട്ടു. ഇവിടെ കണ്ടു പോകരുത് പൊയ്ക്കോ!എന്നിട്ടുംക്ലാസ്സിൽ ചിരിയടങ്ങിയില്ല.ആ പോക്ക് പോയതാണ്. പിന്നെ സ്കൂളിന്റെ പടി ജനാർദ്ദനമേനോൻ ചവിട്ടിയിട്ടില്ല.
കൊടുങ്ങല്ലൂർ കോവിലകത്തിൽ പോയി ഗുരുകുല പഠനം നടത്തി.
പിന്നെ നേരെ തമിഴ് നാട്ടിലേക്ക് വണ്ടി കയറി. പാണ്ടി മുഴുവൻ ചുറ്റി. പട്ടി ചന്തക്ക് പോയതു പോലെയല്ല. ഭാഷയും ജീവിതവും കണക്കിലധികം മനസ്സിലാക്കി അങ്ങ് ബംഗാളുവരെപ്പോയി.തിരിച്ച് നാട്ടിലെത്തുമ്പോൾ
സംസ്കൃതം ഇംഗ്ലീഷ് തമിഴ് കൂടാതെ ബംഗാളിയും സ്വാധീനമാക്കിയിരുന്നു.
പരിഭാഷയും തുടങ്ങിക്കഴിഞ്ഞിരുന്നു
അപ്പോഴാണ്സെറ്റിൽമെന്റ് ഡിപ്പാർട്ടുമെന്റിൽ മിടുക്കന്മാരായ യുവാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ്
സർവ്വേ സംബന്ധിച്ച ജോലി പഠിച്ചത്. കൊച്ചി ഗവ: സർവീസിൽ ഒരു പകർപ്പു ഗുമസ്തനായി ജനാർദ്ദനമേനോൻ ജീവിതമാരംഭിച്ചു. കൊച്ചി ദിവാൻ പേഷ്കാര് അമ്പാട്ടു ശങ്കരമേനോനാണ് ഉദ്യോഗം കൊടുത്തത്. ഉദ്യോഗത്തിലിരുന്നു കൊണ്ട് ലേഖനങ്ങളുമെഴുതി പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.
ഒരു നാൾ ആ ജോലി വലിച്ചെറിഞ്ഞ് തൃശൂർ പട്ടണത്തിൽ ചുറ്റിത്തിരിയുമ്പോഴാണ് വി.സി. ബാലകൃഷ്ണപ്പ ണിക്കരുമായി അടുപ്പത്തിലാകുന്നത്.”ചിന്താമണി “യുടെ പത്രാധിപരായിരുന്നു വി.സി. “രസികരഞ്ജിനി ” യിൽ ഇരുവരും എഴുതുന്ന കാലം.വി സി കവിതാ രചനയിൽ വിരുതൻ. ജനാർദ്ദനമേനോൻ ഗദ്യമെഴത്തിൽ ചതുരൻ. അങ്ങനെ തൃശൂരിൽ നിന്നുള്ള”സുർശന “ത്തിൽ എഡിറ്ററായി കയറിയ മേനോൻ വിസി “ചിന്താമണി “യിൽ നിന്ന് പിരിഞ്ഞപ്പോൾ അതിന്റെ പത്രാധിപരായി.
അപ്പോഴാണ് കളക്കുന്നത്ത് രാമൻ മേനോൻ തിരുവനന്തപുരത്ത് കമലാലയ പ്രസ്സും ബി.വി. ബുക്ക് ഡിപ്പോയും ആരംഭിക്കുന്നത്.ഭാഷക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച എ.ആർ രാജരാജവർമ്മയുടെ നിർദ്ദേശപ്രകാരം കമലാലയ പ്രസ്സിൽ നിന്ന് 1093 മകരത്തിൽ “സമദർശി ” എന്ന പേരിൽ ഒരു വാരിക കൂടി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.ജീവിച്ചിരിക്കുന്നതിൽ മികവുറ്റ ഒരു പത്രാധിപരെ കണ്ടെത്താനുള്ള അന്വേഷണം ചെന്നെത്തിയത് ജനാർദ്ദന മേനോനിലും.അന്ന് മലയാളത്തിലെ നമ്പർ വൺ പത്രാധിപരായിരുന്നു കണ്ണൻ ജനാർദ്ദനൻ. ചുരുക്കത്തിൽ എം ടി ക്ക് മുൻപുള്ള ഒരു എം.ടി.
സമർത്ഥനായ കണ്ണൻ ജനാർദ്ദനൻ എന്ന ആ പത്രാധിപർ 1094 മുതൽ തിരുവനന്തപുരത്ത് സ്ഥിര താമസമാക്കി.
സർ.എം.കൃഷ്ണൻ നായരായിരുന്നു അന്ന് തിരുവിതാംകൂർ ദിവാൻജി.സാഹിത്യവാരഫലം പ്രൊ.എം.കൃഷ്ണൻ നായരെപ്പോലെയായിരുന്നുഭരണത്തിൽ ദിവാൻ എം.കൃഷ്ണൻ നായർ !ചില കാര്യങളിൽ വിട്ടുവീഴ്ചയില്ല. പിച്ചിക്കീറി ചുവരിലൊട്ടിക്കുന്ന പുലി. കണ്ണൻ ജനാർദ്ദനപത്രാധിപർ പുപ്പുലിയായി. സമദർശിയിലൂടെ ദിവാനെ കഠിനമായങ്ങ് വിമർശിക്കാൻ തുടങ്ങി. പണ്ട് കലാകൗമുദിയിലൂടെ എസ്.ജയചൻ നായർ ടി.എം. ജേക്കബ്ബിനെ കൊന്ന് കൊലവിളിച്ചതുപോലെ. ആദ്യമൊക്കെ ദിവാന് ഹാലിളകിയെങ്കിലും അതിൽ കാര്യമില്ലെന്ന് കരുതിയാവണം പിന്നെ ദിവാൻജനാർദ്ദന മേനോന്റെ തോളിൽ കൈയ്യിടാൻ തുടങ്ങി. ഈച്ചയും ശർക്കരയുമായി. 1096 വരെ ആ സൗഹൃദം നീണ്ടു.
രാഘവയ്യ ദിവാനായി വന്നതോടെ കാര്യങ്ങളുടെ കിടപ്പു മാറി. “സമദർശി ” ” യുമായി ദിവാൻ കൊരുത്തു . 1103 ൽ കേസരി എ.ബാലകൃഷ്ണപിള്ള സമദർശി പത്രാധിപരായി വരുന്നത് കണ്ണൻ ജനാർദ്ദനൻ ആസ്ഥാനം വിട്ടു പോയതു കൊണ്ടാണ്.അങ്ങനെ ആ പത്രാധിപർ തിരുവനന്തപുരം വിടുകയായിരുന്നു. ജീവിക്കാൻ വേണ്ടതിലധികം ശമ്പളമുണ്ടായിട്ടും ധാരാളിയായ പത്രാധിപർക്ക് കടവും വന്നു കേറി.എ..കെ. പിള്ളയുടെ ” സ്വരാജ് ” പത്രമാപ്പീസിലാണ് കണ്ണൻ ജനാർദ്ദനൻ പിന്നെ വന്നു കയറിയത്. എവിടെപ്പോയാലും കുടുംബത്തോടെയാണ് പോയി താമസിച്ചിരുന്നത്. എന്നാലും ധൂർത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.പിന്നീട് ഭാര്യയുടെ അസുഖത്തെ തുടർന്ന് ചിറ്റൂരിൽപ്പോയി താമസമാക്കി 1105 ൽ .
ഭാര്യയുടെ വിയോഗത്തിന് ശേഷം തൃശൂരിൽ നിന്ന് പുറത്തിറങ്ങുന്ന “ഗോമതി ” യുടെ പത്രാധിപരായി.
കെ.എസ്.ചന്ദ്രൻ വന്നപ്പോഴുളള “കേരള ശബ്ദ ” ത്തിന്റെ സർക്കുലേഷൻ പോലെ “ഗോമതി ” കുതിച്ച് കയറി. അക്കാലത്തെ ഗോമതിയുടെ പ്രചാരത്തെപ്പറ്റി മഹാകവി ജി.ശങ്കരക്കുറിപ്പ് ആത്മകഥയിൽ കുറിച്ചത് ഇങ്ങനെയാണ്:
“കാലത്ത് ചൂടുള്ള ഒരിഡ്ഡ്ലി വാങ്ങാൻ കാശുതികയാതിരുന്ന അന്നത്തെ റിക്ഷക്കാർ തൃശ്ശിവപേരൂരിലെവീഥികളിൽ വണ്ടിയിൽ ചാരി നിന്നുകൊണ്ട്
“ഗോമതി ” പത്രം വാർത്താ ഗ്രഹണ തൃഷ്ണയോടെ വായിക്കുന്നതു് ദർശനീയമായ കാഴ്ചയായിരുന്നു അന്നെ നിക്ക്!”
ഗോമതിയിൽ നിന്ന് നേരെ എറണാകുളത്തെ “ദീപ ” ത്തിലേക്കാണ് ആനയിക്കപ്പെട്ടത്. ഉടമസ്ഥൻ തോമസ് പോൾ! ആശാന്റേയും വിസി ബാലകൃഷ്ണപ്പണിക്കരുടേയും ജീവചരിത്രങ്ങൾ അന്നാണ് എഴുതിക്കൊടുക്കുന്നത്.
ഇനിയൊരു പരമ രഹസ്യം കൂടിപ്പറയാം.ഇന്ന് പ്രചരിക്കുന്ന പൈലോ പ്പോളിന്റെ “സാഹിത്യ നിഘണ്ഡു” യഥാർഥത്തിൽ കണ്ണൻ ജനാർദ്ദനൻ ഇടത്തേ കൈ കൊണ്ട് എഴുതിക്കൊടുത്തതാണ്. മുതലാളിയുടെ സഹോദരന് എഴുത്തുകാരനാകാനുള്ള ആശ പെരുത്താലെന്ത് ചെയ്യും. ദോശ വാങ്ങിത്തിന്നാനല്ലേ പറ്റൂ. വല്ലതും രണ്ട് വരി എഴുതാൻ ശമ്പളം കൊടുത്ത് ആളെ വച്ചിരിക്കുന്നത് പിന്നെന്തിനാ,സാഹിത്യത്തിൽ ആശ മൂത്താൽ പോയി ദോശ വാങ്ങി തിന്നാനല്ലല്ലോ!
വൈക്കം ചന്ദ്രശേഖരൻ നായരുടെ പൂർവ്വ ജന്മമായിരുന്നു കണ്ണൻ ജനാർദ്ദനൻ നായരുടേത് എന്ന് തോന്നിപ്പോവുന്നു. രണ്ടു കൈ കൊണ്ടും എഴുതും. വേറെ ആളുകളുടെ പേരിലും എഴുതും .എന്നിട്ട് ഇടത്തേ കൈകൊണ്ട് നെഞ്ചിലെ രോമവും ഉഴിഞ്ഞ് നമ്മളെ നോക്കിയൊരു ചിരിയുണ്ട്. അതിൽ എല്ലാമുണ്ട്. ഏതാണ്ട് എഴുപതുകളിലെ മാസികാ പത്രാധിപന്മാരുടെ തന്തപ്പടിയായിരുന്നു ,കണ്ണൻ ജനാർദ്ദനൻ. ഒരു പ്രതീകം.
“ദീപ “ത്തിൽ നിന്ന് തൃശൂരിലെ “എക്സ്പ്രസ്സ് ” ദിനപ്പത്രത്തിലേക്ക് പോയി.
അപ്പോഴേക്കും വർഷം 1945 ആയി. സർ സി പി. ഭരിച്ചു തള്ളുന്ന തിരുവനന്തപുരത്ത് നിന്ന് ഒരുഓഫർ വരുന്നു. “ധർമ്മ ദേശ ” ത്തിന്റെ പത്രാധിപർ സ്ഥാനം. രണ്ടാമത്തെ ഭാര്യ പത്തായപ്പുരയിൽ പാഞ്ചാലിയമ്മയേയും, ആദ്യ വകയിലെ പിള്ളേരെയും എല്ലാം കെട്ടിപ്പെറുക്കി തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഒടുവിൽ പത്രാധിപർക്ക് ശമ്പളത്തിനും പൊറുതിക്കും കൊടുക്കാൻ നിർവ്വാഹമില്ലാതെ പത്രം ഉടമ പോക്കാട്ട് രാഘവൻ പിള്ള പത്രം പൂട്ടി സ്ഥലം വിട്ടു.
കണ്ണൻ ജനാർദ്ദനൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.. ചെറുതും വലുതുമായ നിരവധി ആനുകാലികങ്ങളിലും ഇതിനോടകം ജോലി ചെയ്തു. കേരള ദേശാഭിമാനി, മലബാറി, ചക്രവർത്തി , കേരള ദീപം, യുവ കേരളം, ശ്രീവാഴും കോട്… ആ പട്ടിക നീളു കയാണ്.
പണത്തിന് പഞ്ഞം വന്നപ്പോൾ എഴുത്ത് സജീവമായി. എഴുത്തോടെഴുത്ത്.അമ്പതിലധികം കൃതികളുടെ കർത്താവായിരുന്നു. 23 നോവലുകളാണ് എഴുതിക്കൂട്ടിയത്.10 ജീവചരിത്രങ്ങൾ,6 പ്രബന്ധസമാഹരങ്ങൾ,5 ഇതിഹാസപുരാണങ്ങൾ,3 കഥാസമാഹാരങ്ങൾ,4 നാടകങ്ങൾ,ലോക മഹായുദ്ധത്തെപ്പറ്റി ഒരു ചരിത്ര പുസ്തകവും രചിച്ചിട്ടുണ്ട്.
ദുശ്ശങ്കയും നിശ്ശങ്കയും , രോഹിണി ,പഞ്ചശില, തിലോത്തമ, സിദ്ധാർത്ഥൻ, ആശാഭംഗം, കള്ളന്റെ കള്ളൻ, ശ്രീരാഗം, വീരനൃത്തം … തുടങ്ങി 23 നോവലുകൾ.”രാവണപക്ഷം ” എന്നൊരു കൃതിയുണ്ട്. രാവണന്റെപക്ഷത്തു നിന്നുള്ള കാഴ്ചപ്പാടാണ്. നോവലെന്ന രീതിയിലും വായിക്കാം.
“ഉത്തരരാമചരിതം വാല്മീകിയുടേതോ?”
എന്നൊരു വിവാദത്തിനും അദ്ദേഹം തിരുകൊളുത്തി.
അവസാനത്തെ ആറു കൊല്ലം ആ പത്രാധിപരുടെ ജീവിതത്തിലെ യാതനാപൂർണ്ണമായ ദിനങ്ങളായിരുന്നു. പ്രമേഹം മൂർഛിച്ചു. മരുന്നിനു പോലും പണമില്ലാതെ താൻ ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാം സഹായത്തിന് കത്തെഴുതി കൈ നീട്ടി. എന്നിട്ടും വിരലിലെണ്ണാവുന്നവരൊഴികെ ആരും സഹായിച്ചില്ല.അമ്പത് കൊല്ലം തിരു കൊച്ചിയിലെ പത്രങ്ങളിൽ എഡിറ്ററായി ജോലിയെടുത്ത കണ്ണൻ ജനാർദ്ദനനോട് അന്നത്തെ സഹൃദയലോകം കാട്ടിയതു് അതാണ്. കേസരിയുടെ അന്ത്യവും ഏതാണ്ടിതു പോലൊക്കെത്തന്നെയായിരുന്നല്ലോ! പിന്നെ പറഞ്ഞിട്ടെന്ത് കാര്യം. ?
1955 ജൂലൈ 6 ന് കണ്ണൻ ജനാർദ്ദനൻ കണ്ണടയ്ക്കുമ്പോൾ
പല പാഠങ്ങളും സാഹിത്യ ലോകത്തെ പഠിപ്പിക്കാൻ ബാക്കി വച്ചു.. നമ്മൾ കേരളീയർ പാഠപുസ്തകം നോക്കുന്നവരല്ലല്ലോ. ഗൈഡുണ്ടെങ്കിൽ പോരട്ടെ!
സ്വന്തം ആഘോഷ ജീവിതം പോലെ തന്നെ ശ്രദ്ധേയമാണ് കണ്ണൻ ജനാർദ്ദനന്റെ മരണവും. സാഹിത്യം കൊണ്ട് നടന്ന പത്രാധിപന്മാരുടെ ദയനീയമായ അവസ്ഥയും താക്കീതും അതിലുണ്ട്.
കണ്ണൻ ജനാർദ്ദനന്റെ കഥയെഴതുമ്പോൾ തിളങ്ങി നിന്നതും അല്ലാത്തതുമായ പല പത്രാധിപന്മാരെയും ഓർമ്മ വരുന്നു. അവരിൽ പലരും മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും മരിച്ചു കൊണ്ട് ജീവിക്കുന്നവരുമാണ്.
കേസരി ബാലകൃഷ്ണപിള്ള എഴുതിയ രണ്ട് വരികൾ ഉദ്ധരിച്ചു കൊണ്ട്ഇതിന് അടിവരയിടാം:
“സാഹിത്യകാരന്റെ അനുശോചന യോഗങ്ങളിൽ പ്രമേയങ്ങളുടെ ഒരു വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിൽ നാം സമർഥന്മാരാണ്. അയാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ വിയർപ്പിന്റെ വില കൊടുക്കാൻ കൂടി നാമൊട്ടും സന്നദ്ധരല്ല താനും. “അക്കാലത്തെ സ്ഥിതി തന്നെയാണ് ഇന്നും. പാഠപുസ്തകം നമ്മൾ തുറന്നു നോക്കിയിട്ടില്ല. പര്യം പുറത്ത് വച്ചിരിക്കുകയാണ്. ഗൈഡ് ഒട്ടുവന്നിട്ടുമില്ല!