കോഴിക്കോട്: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അതിനു മുന്നോടിയായി അടുത്തമാസം 20നകം സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. സ്കൂൾ ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു.
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടോ ജില്ല പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സർക്കാർ സ്കൂളുകളിലും വണ്ടി വാങ്ങുന്നത്. കോവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നതിനാൽ പിടിഎ ക്ക് പണം കണ്ടെത്താൻ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ ഇരിക്കാൻ അനുവദിക്കു എന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതിലും സംശയമുണ്ട്.
എയിഡഡ് വിദ്യാലയങ്ങളിലാകട്ടെ സ്കൂള്‍ ബസുകളുടെ ചെലവിന്റെ ഒരു ഭാഗം മാനേജ്മെന്റുകളാണ് വഹിക്കുന്നത്. എങ്കിലും രണ്ടിലേറെ വാഹനങ്ങളുള്ള സ്കൂളുകളാണെങ്കിൽ ചെലവ് ഇരട്ടിയാകും. ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ആവശ്യം.