ജയ്പൂർ: റീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാജസ്ഥാനിലെ അഞ്ച് ജില്ലകളിൽ 12 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് എസ്.എം.എസ് സേവനങ്ങൾ ലഭ്യമാകില്ല. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി നടത്തുന്ന പരീക്ഷയിൽ തട്ടിപ്പ് തടയാനാണ് ഇത്തരമൊരു മുൻകരുതൽ.സർക്കാർ സ്കൂളുകളിലേക്കുള്ള 31,000 പോസ്റ്റുകളിലേക്കായി 16 ലക്ഷം ഉദ്യോഗാർഥികളാണ് രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ് (റീറ്റ്) എഴുതുന്നത്.
പരീക്ഷ കേന്ദ്രങ്ങളിലേക്ക് തലേന്ന് തന്നെ പുറപ്പെടുന്നതിനാൽ സംസ്ഥാനത്തെ 33 ജില്ലകളിലെയും ബസ്സ്റ്റാൻഡുകളിൽ ശനിയാഴ്ച വൈകീട്ട് മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു. റീറ്റ് അപേക്ഷകർക്ക് സർക്കാർ, സ്വകാര്യ ബസുകളിൽ യാത്ര സൗജന്യമാക്കിയിരുന്നു. മത്സരാർഥികളുടെ സൗകര്യത്തിനായി റെയിൽവേ 26 സ്പെഷ്യൽ ട്രെയിനുകളും ഏർപെടുത്തിയിട്ടുണ്ട്.