ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രോഹിണിയിലെ കോടതിയില്‍ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാംഗ്, വിനയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുവരും അക്രമികളെ കോടതി വളപ്പില്‍ എത്തിച്ചു. കൃത്യം നടത്തി മടങ്ങിയെത്തുന്നതുവരെ അക്രമികളെ കാറില്‍ കാത്തിരിക്കുകയായിരുന്നു ഇരുവരും. എന്നാല്‍ വെടിവെപ്പിനിടെ അക്രമികള്‍ കൊല്ലപ്പെട്ടതോടെ കാറുമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു. രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ ഗുണ്ടാ തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ തലവന്‍ ജിതേന്ദ്ര ജോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം.
ജിതേന്ദ്രയെ വധിക്കാന്‍ അഭിഭാഷകരുടെ വേഷത്തിലാണ് എതിര് സംഘം കോടതി പരിസരത്ത് എത്തിയത്. വെടിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെ പോലീസും ഗുണ്ടാ സംഘങ്ങള്‍ക്ക് നേരെ നിറയൊഴിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതേന്ദ്ര ഗോഗി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ആക്രമണമണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. വെടിവെപ്പില്‍ അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.