പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ റിലീസ് ചെയ്തു. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് ഭ്രമം. ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ‘അന്ധാധുൻ്റെ’ ടീസറിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായിരുന്നു.
മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് മറ്റു ചിത്രത്തിൽ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എപി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.
ചിത്രത്തിലെ പഴയകാല സൂപ്പർ സ്റ്റാറിൻ്റെ വേഷം കൈകാര്യം ചെയ്യുന്നത് ശങ്കറാണ്. ശങ്കറിൻ്റെ തന്നെ ശരത്കാല സന്ധ്യ എന്നുതുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനത്തിൻ്റെ ഭാഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്ധാദുൻ തെലുങ്ക് റീമേക്ക് മസ്റ്റീരിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിൻ, തമന്ന, നഭ എന്നിവരായിരുന്നു അഭിനേതാക്കൾ.