കോടതി മുറിയില്‍ വെച് മദ്യപിക്കുന്ന രംഗം കാണിച്ചു; കപില്‍ ശര്‍മ്മ ഷോയ്‌ക്കെതിരെ കേസ്

പ്രമുഖ ടിവി പരിപാടിയായ കപില്‍ ശര്‍മ്മ ഷോയ്‌ക്കെതിരെ കേസ്. അഭിനേതാക്കള്‍ കോടതി മുറിയില്‍ മദ്യപിക്കുന്ന രംഗങ്ങള്‍ കാണിച്ചതിനാലാണ് കേസ്. കോടതിമുറിയിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ താരങ്ങള്‍ മദ്യപിക്കുന്നതായാണ് ഷോയില്‍ കാണിച്ചത്. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. താരങ്ങള്‍ കോടതിയോട് അനാദരവ് കാണിച്ചു എന്നാണ് പരാതിയിൽ നൽകിയ ആരോപണം.

ശിവപുരിയില്‍ നിന്നുള്ള അഭിഭാഷകനാണ് പരാതി നല്‍കിയത്. കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും. കപില്‍ ശര്‍മ്മ ഷോയില്‍ സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് നടക്കുന്നതെന്നും എപ്പിസോഡുകളിലൊന്നില്‍ കോടതിമുറിയില്‍ മദ്യപിക്കുന്ന രംഗം കാണിച്ചെന്നും അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു.

ഇത്തരം അനാവശ്യ രംഗങ്ങള്‍ അവതരിപ്പിക്കുന്നതിന് തടയിടണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ജനുവരി 19ന് പുറത്തുവിട്ട എപ്പിസോഡിനെതിരെയാണ് പരാതി. ഇതേ ഭാഗം പിന്നീട് 2021 ഏപ്രില്‍ 24ന് വീണ്ടും കാണിച്ചിരുന്നു.