വാഷിങ്ടൺ: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. ബൈഡൻ അധികാരമേറ്റ ശേഷം ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.
2014ലും 16ലും ബൈഡനുമായി സംസാരിക്കാൻ അവസരം ലഭിച്ചുവെന്നും അന്ന് ബൈഡൻ ഇന്തോ – യു.എസ് ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും മോദി ഓർമിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനവും കോവിഡും ലോകത്തിന് കനത്ത വെല്ലുവിളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തും. ഇന്തോ – പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ പറഞ്ഞു.
കൊവിഡ് 19 വ്യാപനത്തിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീർത്തിച്ചു. ഇന്ന് എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാനാവുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളർത്താൻ മഹാത്മാഗാന്ധിയുടെ ആദർശം പ്രേരണയായെന്നും മോദി പറഞ്ഞു.
ഇന്ത്യ അമേരിക്ക ജപ്പാൻ ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചത്.