തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണെമെന്നും ഡിജിപി നിർദേശിച്ചു. കൂടാതെ സ്കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാനും നിദേശം നൽകി.
സ്കൂള്‍ മാനേജ്മെന്റുമായി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്കൂള്‍ ബസുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടേണ്ടതാണ്. സ്കൂള്‍ വാഹനങ്ങള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.
എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷന് ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ തയാറായി . അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയാറാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. അതാത് ജില്ലകളിൽ കളക്ടർമാരുടെ യോഗം വിളിക്കും. സ്കൂൾ തല യോഗവും പി.ടി.എ യോഗവും ചേരും.
ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ മാത്രം. യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും പകരം ഉച്ചഭക്ഷണത്തിനുള്ള അലവൻസ് നൽകും. സ്കൂളുകൾക്ക് മുന്നിലുള്ള ബേക്കറികളിലും മറ്റും നിന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളിൽ കുട്ടികൾ എത്തുന്നതിൽ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ടതില്ല. രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി ബോധവത്ക്കരണ ക്ലാസുകൾ നടത്തും. ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശം. സ്കൂളുകളിൽ കുട്ടികളെ കൂട്ടുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള സിലബസ് പരിഷ്കരിക്കും തുടങ്ങിയ കാര്യങ്ങൾ മാർഗ രേഖയിൽ പറയുന്നു.