കൊല്ലം: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനിക്ക് ലഭിച്ചത് വെറും കടലാസ് കെട്ടുകള്‍. പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്.
ഇക്കഴിഞ്ഞ ജൂണിലാണ് വിദ്യാര്‍ഥിനി അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണവും നല്കി ലാപ്പ്ടോപ്പ് ബുക്ക് ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ കൊറിയര്‍ ലഭിച്ചു. കൊറിയര്‍ തുറന്ന് നോക്കിയപ്പോള്‍ പഴയ കടലാസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പാഴ്സല്‍ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന് പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥിനി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പോലിസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു.
അന്വേഷണത്തില്‍ സൈബര്‍ പോലീസ് ഹരിയാണയിലുള്ള സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആരോപണം നിഷേധിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ സൈബര്‍ പോലീസ് നിരത്തിയതോടെ വിദ്യാര്‍ഥിനിക്ക് പണം തിരികെ നല്‍കാമെന്ന് കമ്പനി വ്യക്തമാക്കി.