മസ്കത്ത്: സ്വകാര്യമേഖലക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സുപ്രീം കമ്മിറ്റി. കോവിഡ് പശ്ചാത്തലത്തിലാണ് സ്വകാര്യമേഖലക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഒമാന് പുറത്തുള്ള വിദേശ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ റെസിഡൻറ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകുന്നതാണ് സുപ്രധാന തീരുമാനം.
2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30വരെ കാലയളവിലെ റെസിഡൻറ് കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കിനൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡൻറ് കാർഡ് പുതുക്കുന്നതിനും 2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനിൽനിന്ന് മടങ്ങുന്നവർക്കും ഈ ഇളവ് ലഭിക്കും. സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കമേഴ്സ്യൽ രജിസ്റ്ററുകളും ലൈസൻസുകളും പുതുക്കാത്തതിൻ്റെ പിഴകളും ഒഴിവാക്കിനൽകിയിട്ടുണ്ട്.
2020 ജൂൺ ഒന്നു മുതൽ 2021 ഡിസംബർ 31വരെ കാലാവധി കഴിഞ്ഞവർക്ക് പിഴയടക്കാതെ ലൈസൻസുകൾ പുതുക്കാവുന്നതാണ്. ഈ വർഷം പുതുക്കുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക.ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ ഈ വർഷം റിയാദ് കാർഡ് പുതുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല.