ജിദ്ദ: സർക്കാർസേവനങ്ങൾ നൽകുന്നതിലും പൗരന്മാരുമായി ഇടപഴകുന്നതിലും മുൻനിരയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സൗദി അറേബ്യ. ലോക ബാങ്ക് പുറത്തിറക്കിയ ഗവ് ടെക് റിപ്പോർട്ട് പ്രകാരമാണ് സൗദി ഈ പട്ടികയിൽ സ്ഥാനം നേടിയിരിക്കുന്നത്.
ഭരണാധികാരികളിൽനിന്ന് സർക്കാർ ഏജൻസികൾക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയും ഡിജിറ്റൽ സർക്കാർസേവനങ്ങൾ നൽകുന്നതും ഉയർന്നനിലവാരത്തിൽ പൗരന്മാരുമായി ഇടപഴകുന്നതും സഹായകമായെന്ന് ഡിജിറ്റൽ ഗവ. അതോറിറ്റി ഗവർണർ എൻജിനീയർ അഹ്മദ് ബിൻ മുഹമ്മദ് അൽസവിയാൻ പറഞ്ഞു.
വിഷൻ 2030 അനുസരിച്ച് ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ സൗദി ശ്രദ്ധേയ പുരോഗതി കൈവരിച്ചിട്ടുണ്ട്. റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യ.